ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമാകാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെടുക. അതിനാൽ തന്നെ നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെട്ടേക്കും.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

നാളെ മുതല്‍ 27-ാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 26ന് എറണാകുളം, കണ്ണൂര്‍ ജില്ലകളിലും 27ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 27ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രവചിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.