ധീരസൈനികന്‍ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; യാത്രാമൊഴി നല്കാൻ കണ്ണീരോടെ ഒരു നാട് മുഴുവൻ

കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടില്‍ എത്തിച്ചു. പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് പുത്തൂരിലെ സ്കൂളിലെത്തിയിരിക്കുന്നത്. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.

ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാർ പ്രദീപിന് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി ആദരാഞ്ജലി പ്രദീപിന് അർപ്പിച്ചു

ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്‌ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടില്‍ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാന്‍ എ പ്രദീപ് എന്നിരുള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.

2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദൗത്യസംഘത്തില്‍ താനുമുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപും ഉള്‍പ്പെടുന്നത്.