ഹൈറിച്ച് തട്ടിപ്പ് കേസ്, പ്രതികൾ 19ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചി. അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമ്മതം അറിയിച്ച് ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികള്‍. 1693 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കെഡി പ്രതാപനും ഭാര്യ ശ്രീനയുമാണ് ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്. തൃശൂരിലെ വസതിയില്‍ ഇഡി പരിശോധനയ്ക്ക് എത്തുന്ന വിവരം അറിഞ്ഞതോടെയാണ് പ്രതികള്‍ ഒളിവില്‍ പോയത്.

പ്രതികള്‍ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് ഇഡി വിചാരണകോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവര്‍ സമാനമായ 19 കേസുകളില്‍ കൂടി പ്രതികളാണെന്ന് കോടതിയെ അറിയിച്ചത്. ഇതില്‍ മൂന്ന് കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഇതോടെ കേസില്‍ വാദം പറയാന്‍ പ്രതിഭാഗം കൂടുതല്‍ സാവകാശം തേടിയിരുന്നു. അതേസമയം മണിചെയിന്‍ തട്ടിപ്പിന് പുറമെ 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും ഇവര്‍ക്കെതികരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.