അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരഞ്ഞെടുത്തു

പുതിയ അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരഞ്ഞെടുത്തു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ ഹിമന്ദയുടെ പേര് നിലവിലെ മുഖ്യമന്ത്രി സര്‍വാനന്ദ സോനേവാളാണ് നിര്‍ദ്ദേശിച്ചത്. അസമിലെ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര നിരീക്ഷകരായ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഹിമന്ദയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും ഗുവാഹത്തി പ്രഗ്ജ്യോതി ഐടിഎ സെന്ററില്‍ പൂര്‍ത്തിയായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ 200 താഴെ അതിഥികള്‍ മാത്രമേ പങ്കെടുക്കൂ. മുഖ്യമന്ത്രി കസേരക്കായി സര്‍വാനന്ദ സോനേവാളും ഹിമന്ത ബിശ്വ ശര്‍മയും രംഗത്തെത്തിയത്തോടെയാണ് അസമിലെ സര്‍ക്കാര്‍ രൂപീകരണം നീണ്ടു പോയത്. കേന്ദ്ര നേതാക്കള്‍ ഇടപെട്ടാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കിയത്.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 60 എംഎല്‍എമാരില്‍ 40 പേരുടെയും സഖ്യകക്ഷികളുടെയും പിന്തുണ ഹിമന്ദയ്ക്ക് കരുത്തായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടും ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് അനുകൂലമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സോനേവാളിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.