വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, DNA സാമ്പിളിൽ തിരിമറി നടത്താൻ ശ്രമം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പുറത്ത്

തിരുവല്ല : വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി. കേസിൽ പ്രതിയായ തിരുവല്ല ടൗൺ നോർത്ത് എൽ.സി.അംഗം സജിമോനെ ആണ് പുറത്താക്കിയത്. നോർത്ത് ലോക്കൽ കമ്മിറ്റിയുടെ മുൻസെക്രട്ടറിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു സജിമോൻ.

പീഡനത്തിന് ഇരയായ വീട്ടമ്മ പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നു. ഈ കേസ് കോടതിയിലാണ്. 2017-ലായിരുന്നു സംഭവം. വീട്ടമ്മ ഗർഭിണിയായതോടെ ഇവരുടെ ഭർത്താവ് നാടുവിട്ടു. കുട്ടിയുടെ പിതൃത്വം സജിമോൻ തള്ളിപ്പറഞ്ഞതോടെ കേസായി. സജിമോന്റെ ഡി.എൻ.എ. പരിശോധിക്കാൻ എടുത്ത സാമ്പിളിൽ തിരിമറിനടത്താൻ ശ്രമിച്ച തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷനും കിട്ടിയിരുന്നു.

ഇതിന് പിന്നാലെ സജിമോനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായി. കഴിഞ്ഞ സമ്മേളനത്തിൽ എൽ.സി.യിലേക്ക് തിരികെ വരുകയും ചെയ്തു. ഇതിനിടെ പരാതിക്കാരിയുടെ ബന്ധുക്കളെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി. 2021-ൽ ചുമത്രയിലെ വനിതാ പ്രവർത്തകയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്.