ഗ്യാൻവാപി കേസിൽ കോടതിയുടെ തീരുമാനം വൈകും

ഗ്യാൻവാപി കേസ് കേൾക്കാൻ അധികാരമുണ്ടോ എന്ന വിഷയത്തിലെ വാദം കോടതി ജൂലൈ നാലിലേക്ക് മാറ്റി. കേസിൽ വാരാണസി ജില്ലാ കോടതിയുടെ തീരുമാനം വൈകും. മസ്ജിദ് കമ്മിറ്റിയുടെ വാദം ഇന്നും തുടർന്നു. അതേസമയം മസ്ജിദ് അടച്ചു പൂട്ടണമെന്ന ഹർജി ഫാസ്റ്റ് ട്രാക്ക് കോടതി ഇന്ന് പരിഗണിച്ചില്ല. സർവേ റിപ്പോർട്ടുകളുടെ പകർപ്പ് കോടതി നിർദ്ദേശ പ്രകാരം കക്ഷികൾക്ക് നൽകിയിരുന്നു.

ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി നേരത്തെ മസ്ജിദ് കമ്മിറ്റി കോടതിയിൽ വാദിച്ചിരുന്നു. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു. അതേസമയം, ഗ്യാൻവാപി കേസിൽ പരാതി നൽകിയവരുടെ കൈയിൽ തെളിവില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.

തെളിവില്ലാത്ത ഹർജി തുടക്കത്തിലേ തള്ളണമായിരുന്നെന്നും പരാതിയിലെ വൈരുദ്ധ്യങ്ങൾ കോടതിയെ രേഖാമൂലം അറിയിച്ചെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. അയോധ്യയ്ക്കു ശേഷം കാശിയും മഥുരയും ഉണർന്നു എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ പറഞ്ഞിരുന്നു.