‘കൊമേഴ്സ് പരീക്ഷ കഴിഞ്ഞ് ഞാൻ കരഞ്ഞിരുന്നു, തോൽക്കുമെന്ന് കരുതി’ പ്ലസ് ടു പരീക്ഷയിൽ ഹൻസികക്ക് മികച്ച വിജയം

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പരീക്ഷാ ഫലത്തെക്കുറിച്ച് ഹൻസിക പറഞ്ഞിരിക്കുന്നത്. ഐസിഎസ്ഇ സിലബസിൽ പഠിച്ചിരുന്ന ഹൻസികയ്ക്ക് പ്ലസ് ടുവിന് 78 ശതമാനം മാർക്കാണ് ലഭിച്ചത്. ഇം​ഗ്ലീഷിനാണ് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത്. 92 ശതമാനം. സമ്മർദ്ദത്തിലായിരുന്നെന്നും തോൽക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹൻസിക പറഞ്ഞിരിക്കുന്നു.

പ്ലസ് ടുവിന് കൊമേഴ്‌സ് ആയിരുന്നു ഹൻസികയുടെ ഐച്ഛിക വിഷയം. കൊമേഴ്സ് പരീക്ഷ കഴിഞ്ഞെത്തിയപ്പോൾ താൻ കരഞ്ഞെന്നും അത്ര അധികം ബുദ്ധിമുട്ടായിരുന്നു പരീക്ഷ എന്നുമാണ് താരം പറഞ്ഞത്. ‘എനിക്ക് ഇത്ര മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല. പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല. ചിലപ്പോൾ നമ്മൾ പ്രതീക്ഷിച്ച മാർക്കിനേക്കാൾ കുറവാണ് കിട്ടുന്നതെങ്കിൽ ഒരുപാട് വിഷമം വരും. അതിൽ കൂടുതലാണെങ്കിൽ സന്തോഷവും. പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കൊമേഴ്സ് പരീക്ഷ കഴിഞ്ഞു ഞാൻ കരഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടമുള്ള വിഷയമായിരുന്നു. പക്ഷേ ആ പരീക്ഷ അതി കഠിനമായിരുന്നു.- ഹൻസിക പറഞ്ഞിരിക്കുന്നു.

പരീക്ഷഫലം വരും എന്ന് അറിഞ്ഞതുമുതൽ താൻ സമ്മർദ്ദത്തിലായിരുന്നു എന്നാണ് ഹൻസിക പറഞ്ഞിരിക്കുന്നത്. ഞാൻ വിചാരിച്ച പോലെ മികച്ചരീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ല. എന്നാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാരണമായി കാണുന്നില്ല. പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയവരെ ആശ്വസിപ്പിക്കാനും ഹൻസിക ശ്രമിക്കുന്നുണ്ട്. സ്കൂൾ കാലഘട്ടം അവസാനിക്കുന്നതിലുള്ള വിഷമവും താരപുത്രി പങ്കുവച്ചിട്ടുണ്ട്. പരീക്ഷ ഫലം വന്നതിന്റെ ആശ്വാസത്തിൽ ഒരു യാത്ര പോകാൻ ഒരുങ്ങുകയാണെന്നും ഹൻസിക പറയുന്നു.