യാത്രക്കാരുടെ ബാഗുകൾ മറന്ന് യാത്ര തിരിച്ച് ഇൻഡിഗോ വിമാനം

ഹൈദരാബാദ്: യാത്രക്കാരുടെ 37 ബാഗുകൾ മറന്ന് യാത്ര തിരിച്ച് ഇൻഡിഗോ വിമാനം. ഹൈദരാബാദിൽ നിന്ന് വിശാഖപട്ടണത്തിലേക്ക് പറന്ന ഇൻഡിഗോ വിമാനമാണ് യാത്രക്കാരുടെ ബാഗുകൾ എടുക്കാൻ മറന്നത്. ഇതോടെ വിശാഖപട്ടണത്തെ യാത്രക്കാരുടെ മേൽവിലാസത്തിൽ ബാഗുകൾ എത്തിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

കഴിഞ്ഞമാസം യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പുറപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സമാനരീതിയൽ ഈ സംഭവം. 55 യാത്രക്കാരെയാണ് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട ഗോഫസ്റ്റ് വിമാനം കയറ്റാതെ പറന്നത്. ബോർഡിംഗ് പാസെടുത്തതിന് ശേഷമായിരുന്നു വിമാനം യാത്രക്കാരെ മറന്ന് യാത്ര തിരിച്ചത്. വിമാനത്തിലൂണ്ടായിരുന്ന ലഗേജുകൾ പിന്നീട് ഡൽഹിയിലെത്തിക്കുകയും ചെയ്തിരുന്നു.

വിഷയം വാർത്തയായതോടെ ഗോഫസ്റ്റിന് ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ജനുവരി 25-നാണ് എയർലൈൻ അധികൃതർ മറുപടി നൽകുന്നത്. ആശയവിനിമയത്തിൽ വന്ന പിഴവാണ് കാരണമെന്നായിരുന്നു വിശദീകരണം. പിന്നാലെ പത്ത് ലക്ഷം രൂപ ഡിജിസിഎ പിഴ പിഴ ഈടാക്കുകയും ചെയ്തു.