പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം. മുന്‍ കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മര്‍ദം മൂലമാണെന്ന് മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെപിസിസി നേതൃത്വം അന്വേഷണം നടത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാര്‍, സുബോധനുമായിരുന്നു അന്വേഷണം നടത്തിയത്.

അന്വേഷണത്തില്‍ പ്രതാപചന്ദ്രന് മാനസിക സമ്മര്‍ദം ഇല്ലെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ട്രഷറര്‍ക്കെതിരായി പുറത്തുവന്ന വാര്‍ത്തകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രമേശിനോ പ്രമോദിനോ പങ്കില്ലെന്നും കമ്മീഷന്‍ പറയുന്നു. ട്രഷറര്‍ക്ക് ഈ വ്യക്തികളുമായി സാമ്പത്തിക ഇടപാടില്ല. ഇവരെ മകന് അറിയില്ലെന്നും ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഇവരെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നു.

സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍, ട്രഷററുടെ സുഹൃത്തുക്കള്‍, അയല്‍വാസികള്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. ലഭ്യമായ ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചു. അതേസമയം റിപ്പോര്‍ട്ട് വിശദമായി പഠിക്കുമെന്നാണ് കെ സുധാകരന്‍ പറയുന്നത്.