ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ഉന്നത സൈനിക മേധാവി ആയിരുന്ന ജനറല്‍ ഖാസിം സൊലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് ഇറാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്നും മറ്റ് 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും ഇറാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചതായി ഇറാന്‍ ജുഡീഷ്യറി വക്താവ് ഗോലാംഹോസെന്‍ ഇസ്മായിലി പറഞ്ഞു.

ബാഗ്ദാദില്‍ വെച്ച് 2020 ജനുവരി മൂന്നിനാണ് ഉന്നത സൈനിക മേധാവി ആയിരുന്ന ജനറല്‍ ഖാസിം സൊലൈമാനി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാം തവണയാണ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ അന്താരാഷ്ട്ര സഹായം തേടുന്നത്.

അതേസമയം, ഇറാന്റെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. രാഷ്ട്രീയ, സൈനിക, മത, വംശീയ ഇടപെടലില്‍ കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കി. ജനുവരി 20ന് ട്രംപ് അധികാരം ഒഴിയാനിരിക്കെയാണ് ഇറാന്റെ നീക്കം. സുലൈമാനി വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.