പോലീസിലേക്ക് നായക്കുട്ടികളെ വാങ്ങിയതില്‍ ക്രമക്കേട്, ഡോഗ് ട്രെയിനിങ് സെന്റര്‍ നോഡല്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം. പോലീസിലേക്ക് നായക്കുട്ടികളെ വാങ്ങിയതില്‍ വലിയ ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയിലെ പോലീസ് അക്കാദമിയിലെ സ്‌റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്കാണ് നായക്കുട്ടികളെ വാങ്ങിയത്. അതൊടൊപ്പം തീറ്റയും മരുന്നും വാങ്ങിയതില്‍ ക്രമക്കേട് നടന്നതായിട്ടാണ് വിവരം. സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ട്രെയിനിങ് സെന്റര്‍ നോഡല്‍ ഓഫിസര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ അസി കമാന്‍ഡാന്റുമായ എസ്എസ് സുരേഷിനെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരേഷ് പ്രത്യേക താല്‍പര്യമെടുത്ത് നായകളെ ചികിത്സിക്കുന്നതിനായി ജില്ലാ ലാബ് ഓഫിസറെ നിയോഗിച്ചതായി വിജിലന്‍സ് കണ്ടെത്തി.

ഒപ്പം നായകള്‍ക്ക് തിരുവനന്തപുരത്ത് നിന്നുമുള്ള സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഭക്ഷണം വാങ്ങുന്നതിനും നിര്‍ദേശം നല്‍കി. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മറ്റ് സേനകള്‍ വാങ്ങുന്നതിലും കൂടിയ വിലയ്ക്കാണ് നായക്കുട്ടികളെ വാങ്ങിയതെന്ന് കണ്ടെത്തി. 125 നായകളെ പരിശീലിപ്പിക്കാന്‍ സൗകര്യമുള്ള പോലീസ് അക്കാദമിയില്‍ പരിശീലിപ്പിക്കാതെ കുട്ടിക്കാനം പോലുള്ള ക്യാംപുകളില്‍ നായകളെ പരിശീലിപ്പിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തി.