‘സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരാ’

കണ്ണൂര്‍. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ് അംഗീകരിക്കില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കും – കെ സുധാകരന്‍ പറഞ്ഞു.

സജി ചെറിയാന്‍ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതെന്ന് സിപിഎം പറയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടതെന്നും സുധാകരന്‍ ചോദിക്കുകയുണ്ടായി. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണത്തില്‍ പോലും അന്വേഷണം നടത്താന്‍ തയാറാകുന്നില്ല – സുധാകരന്‍ പറഞ്ഞു.

ഭരണത്തിലിരിക്കുന്ന സിപിഎം ഏത് കാര്യത്തിലാണ് നീതിപൂര്‍വം പ്രവര്‍ത്തിച്ചിട്ടുള്ളത്? എല്ലാത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സാമ്പത്തിക രംഗത്തെ അഴിമതിയെ കുറിച്ച് അന്വേഷിക്കേണ്ടെന്ന തീരുമാനിക്കാന്‍ സിപിഎമ്മിന് എന്ത് അധികാരമാണുള്ളത്. സിപിഎമ്മിന് എന്തും ആവാമെന്ന അവസ്ഥയാണ്. അരാജകത്വത്തിന്റെ വിളനിലമായി സംസ്ഥാനത്തെ മാറ്റുകയാണ്. സിപിഎമ്മിന്റെ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ വിലയിരുത്തും – സുധാകരന്‍ പറഞ്ഞു.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. മന്ത്രി സ്ഥാനം നഷ്ടമായിട്ടും ഭരണഘടനാവിരുദ്ധ പരാമര്‍ശവും അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികള്‍ക്ക് എതിരായ അധിക്ഷേപവും സജി ചെറിയാന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്ന സിപിഎം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഇതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും വിഡി സതീശന്‍ ചോദിച്ചു.

സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയത്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് – പ്രതിപക്ഷ നേതാവ് ആരോപിച്ചു.