കൊലക്കേസ് പ്രതി ടിപ്പര്‍ ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം. കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ രഞ്ജിത്ത് വാഹനാപകടത്തില്‍ മരിച്ചത് കൊലപാതകമെന്ന് സംശയം. രഞ്ജിത്ത് ബൈക്കിയില്‍ യാത്ര ചെയ്യുമ്പോള്‍ ടിപ്പര്‍ ഇടിച്ചു മരിക്കുകയായിരുന്നു. ടിപ്പറിന്റെ ഡ്രൈവര്‍ ഒളിവിലാണ്. തോട്ടവാരം മേലേകുഴിവിള വീട്ടില്‍ ധര്‍മരാജിന്റെയും രമണിയുടെയും മകനാണ് രഞ്ജിത്ത്.

കേസില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് പുനയല്‍ കോണത്താണ് അപകടം സംഭവിച്ചത്. കീഴാറൂര്‍ ഭാഗത്ത് നിന്നും പെരുങ്കടവിളയിലേക്ക് വരുകയായിരുന്ന രഞ്ജിത്തിനെ എതിര്‍ദിശയില്‍ നിന്നും എത്തിയ ടിപ്പര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രഞ്ജിത്ത് മരിച്ചുവെന്നാണ് വിവരം. ബൈക്കില്‍ ഇടിച്ച ടിപ്പര്‍ നിര്‍ത്തിയിട്ടിരുന്ന വാനിലും കാറിലും ഇടിച്ചു.

അപടത്തെ തുടര്‍ന്ന് ടിപ്പര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും ടിപ്പറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം ടിപ്പര്‍ അപകടത്തിന് മുമ്പ് 300 മീറ്റര്‍ മാറി പാര്‍ക്ക് ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. മണ്ണ് ലോബിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മകനോട് ശത്രുത ഉള്ളതായി രഞ്ജിത്തിന്റെ പിതാവ് പറയുന്നു. ഇവര്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറയുന്നു.