നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറന്‍സിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. ഡോ.രമ്യ ജഗദീഷ്(പ്രഫസര്‍, നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐപിഎസ്, ഡോ. പ്രവീണ്‍ പണിക്കര്‍. സംസ്‌ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തില്‍.

പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. ‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ്, അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല’, ജഗദീഷ് വെളിപ്പെടുത്തിയിരുന്നു.