അടിയന്തര ഘട്ടങ്ങളില്‍ ഹറാമല്ല, കോവിഡ് വാക്‌സിനിലെ പന്നിക്കൊഴുപ്പിനെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി

ന്യൂഡല്‍ഹി: ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ഘട്ടത്തില്‍ പ്രതിരോധ മരുന്നിനെതിരെയുള്ള പ്രചാരണങ്ങളും സജീവമായിട്ടുണ്ട്. മുസ്ലീങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന ആവശ്യവുമായി ഇന്ത്യയിലെയും യുഎഇയിലേയും ചില മുസ്ലീം പണ്ഡിതന്മാരാണ് രംഗത്തെത്തിയത്. വാക്‌സിനില്‍ പന്നിമാംസത്തില്‍ നിന്നുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇവര്‍ നിരത്തുന്ന ആക്ഷേപം.

പന്നിമാംസം ഹറാമായതിനാല്‍ വാക്‌സിന്‍ മുസ്ലീങ്ങള്‍ ഉപയോഗിക്കരുതെന്നാണ് പ്രചരണം. അതേസമയം ഈ വിഷയത്തില്‍ മത നിലപാട് വ്യക്തമാക്കുകയാണ് ജമാഅത്തെ ഇസ്ലാമി. വാക്‌സിന്‍ അടിയന്തര ഘട്ടങ്ങളില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കാമെന്നാണ് ജമാഅത്തെ ഇസ്ലാമി (ഹിന്ദ്) വ്യക്തമാക്കിയത്. പന്നിമാംസത്തില്‍ നിന്നുള്ള ജെലാറ്റിന്‍ വാക്‌സിനില്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെയും യുഎഇയിലേയും ഇസ്ലാം മതപണ്ഡിതര്‍ വാക്‌സിന്‍ ഹറാമാണെന്ന വാദവുമായി രംഗത്തെത്തിയത്.

‘നിയമവിരുദ്ധ പദാര്‍ഥത്തിന്റെ ഘടനയിലും സ്വഭാവത്തിലും പൂര്‍ണമായി മാറ്റം വരുത്തിയാല്‍ ആ പദാര്‍ഥത്തെ അനുവദനീയമായി കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹറാമായ മൃഗത്തിന്റെ ശരീരഭാഗത്തു നിന്ന് ഉത്പാദിപ്പിക്കുന്ന ജെലാറ്റിന്‍ ഇസ്ലാം പണ്ഡിതര്‍ക്ക് അനുവദനീയമായി കാണാന്‍ കഴിയും’ ജമാഅത്തെ ഇസ്ലാമി ശരിയാ കൗണ്‍സില്‍ സെക്രട്ടറി ഡോ റസി ഉല്‍ ഇസ്ലാം നദ്വിയെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.