ഒന്നരവർഷത്തെ ഇടവേളയെടുത്തത് മനപൂർവം, കാത്തിരിപ്പ് വെറുതെ ആയില്ല: ജയറാം

മലയാള സിനിമയില്‍ നിന്ന് ഒന്നര വര്‍ഷമായി ഇടവേള എടുത്തിരുന്നതായി നടന്‍ ജയറാം. നല്ലൊരു തിരിച്ചുവരവിനായി താന്‍ മനപ്പൂര്‍വം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ മലയാളത്തിൽ കഴിഞ്ഞ ഒന്നരവർഷമായി ഇടവേള എടുത്തിരുന്നതായും, നല്ലൊരു പ്രൊജക്ടിനുവേണ്ടി താൻ മനഃപൂർവം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നും പറയുകയാണ് താരം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്‌ലർ വളരെ പ്രതീക്ഷ നൽകുന്ന സിനിമയാണെന്നും മലയാളത്തിൽ തന്റെ വലിയൊരു തിരിച്ചുവരവാകും ഈ സിനിമയെന്നും ജയറാം പറഞ്ഞു.

പാലക്കാട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി എല്ലാവരുടെയും സ്നേഹത്താൽ കുറെ സിനിമകൾ ചെയ്യാൻ ഭാഗ്യമുണ്ടായി. മലയാളം വിട്ട് മറ്റു പല ഭാഷകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഇതൊന്നും നമ്മൾ മാത്രം വിചാരിച്ചാൽ നടക്കില്ല നമ്മളെ തേടി വരേണ്ട കാര്യങ്ങളാണ്.

ഇപ്പോൾ തെലുങ്കിൽ കുറെ സിനിമകൾ ചെയ്യുന്നുണ്ട്. നാളെ രാവിലെ മഹേഷ് ബാബു എന്ന താരത്തിനൊപ്പം അഭിനയിക്കാൻ എത്തിച്ചേരണം. അത് കഴിഞ്ഞ് ചിരഞ്ജീവിയുടെ മകൻ രാം ചരണിനോടൊപ്പമാണ് അടുത്ത സിനിമ. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് . വിജയ് ദേവരകൊണ്ടയോടൊപ്പം ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. കന്നടയിൽ രാജ് കുമാറിന്റെ മകൻ ശിവ രാജ്‌കുമാറിന്റെ കൂടെ ഏറ്റവും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ‘ഗോസ്റ്റ്’ വരുന്നുണ്ട്.

തമിഴിൽ പൊന്നിയൻ സെൽവൻ ആണ് അവസാനമായി ചെയ്തത്. മണിരത്‌നം എന്ന ലെജൻഡ് സംവിധായകന്റെ കൂടെ തമിഴിന്റെ ചരിത്രം പറയുന്ന ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ്. എവിടെ ചെന്നാലും അമ്മമാർ വന്നിട്ട് മോനെ സുഖമായിരിക്കുന്നോ എന്ന് ചോദിക്കുന്ന സ്നേഹം ഹൃദയം നിറയ്ക്കുന്നതായും ജയറാം പറയുന്നു. 2019 ൽ പട്ടാഭിരാമനു ശേഷം മലയാളത്തില്‍ ഏറെ ശ്രദ്ധയോടെയാണ് ജയറാം പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. 2020 ലും 21ലും അദ്ദേഹം മലയാള സിനിമയിൽ നിന്നും മാറിനിന്നു. 2022 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.