കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, കൂടുതലും പ്രതികളാകുന്നത് അടുത്ത ബന്ധുക്കൾ

കൊച്ചി : കുട്ടികൾ ലൈംഗിക പീഡനത്തിനും മറ്റ് അതിക്രമങ്ങൾക്കും ഇരയാകുന്ന കേസുകളിൽ പ്രതികളാകുന്നതിൽ അധികവും അടുത്ത ബന്ധുക്കൾ എന്ന് കണ്ടെത്തൽ. പൊലീസ് ക്രൈം റെക്കാഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കുട്ടികൾ സ്വന്തം കുടുംബത്തിൽ പോലും സുരക്ഷിതരല്ല എന്നാണ് വ്യക്തമാകുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വർഷത്തിനിടെ 212 കുട്ടികളാണ് കൊല്ലപ്പെട്ടത്.  ലൈംഗികമായി പീഡിപ്പിക്കുന്നവരിൽ 90 ശതമാനവും അടുത്തറിയാവുന്നവർ. അല്ലെങ്കിൽ ബന്ധുക്കൾ. അതിൽ 60 ശതമാനം പ്രായമുള്ളവരോ, സഹോദരങ്ങളോ, പിതാക്കന്മാരോ അടുത്ത രക്ത ബന്ധത്തിൽപ്പെട്ട മറ്റുള്ളവരോ ആണ്. ബാക്കി 30 ശതമാനം പേരും അകന്ന ബന്ധുക്കളോ പരിചിതരായ സുഹൃത്തുക്കളോ ആകാം. അപരിചിതർ പ്രതികളാകുന്ന കേസുകൾ പത്ത് ശതമാനം മാത്രമാണ്.

കൂടുതൽ കുട്ടികൾ അതിക്രമത്തിന് ഇരയായത് 2022 ലാണ്. 5,315 കേസുകൾ, 2013 മുതൽ 2023 ഏപ്രിൽ വരെയുള്ള പൊലീസ് ക്രൈം റെക്കാഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള വിവരമാണിത്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്. 41 കുട്ടികൾ ആണ് കൊല്ലപ്പെട്ടത്.