നടൻ ജിജോയ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടർ

തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി നടൻ ജിജോയ് പിആറിനെ നിയമിച്ചു. ചലച്ചിത്ര-നാടക പ്രവർത്തകനും നടനുമായ ജിജോയ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണ് വിഖ്യാത ചലച്ചിത്രകാരന്‍ സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്ടര്‍ നിയമനം. . കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്.

55 ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും 10 സീരിയലുകളിലും വേഷമിട്ടു. നാല് വൻകരകളിലായി നാനൂറ് അന്താരാഷ്‌ട്ര നാടകമേളകളിൽ അഭിനേതാവായി സാന്നിദ്ധ്യം അറിയിച്ചു. തുടർന്ന് നാല് വർഷം സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ അധ്യാപകനുമായിരുന്നു. ഇന്ത്യക്കകത്തും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകള്‍ നയിച്ചതടക്കം അന്താരാഷ്ട്രതലത്തില്‍ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കള്‍ക്കും മുതല്‍ക്കൂട്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.