പ്രദർശന പറക്കലിനിടെ വ്യോമ താവളത്തിലേയ്ക്ക് കുത്തനെ ഇടിച്ചിറങ്ങി യുദ്ധവിമാനം, പൈലറ്റ് രക്ഷപ്പെട്ടു

മാഡ്രിഡ് : സ്പാനിഷ് യുദ്ധവിമാനം തകർന്നുവീണു. സരഗോസ വ്യോമ താവളത്തിലെ തിരക്കേറിയ ഹൈവേയ്ക്ക് സമീപമാണ് പ്രദർശന പറക്കലിനിടെ യുദ്ധവിമാനം ഇടിച്ചിറങ്ങിയത്. വാഹനഗതാഗതം സജീവമായിരിക്കേയാണ് വിമാനം കൂപ്പുകുത്തിയതെങ്കിലും ഭാഗ്യവശാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് പാരചൂട്ടിലൂടെ പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു.

സൈനിക കുടുംബങ്ങൾക്കായി നടത്തിയ പ്രദർശന പറക്കലിനിടയിലായിരുന്നു അപകടം സംഭവിച്ചത്. എഫ്-18 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനമാണ് തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങുന്നതിന് മുൻപ് തന്നെ പൈലറ്റിന് വിമാനത്തിൽ നിന്ന് വേർപ്പെട്ട് രക്ഷപ്പെടാനായത് ആളപായം ഒഴിവാക്കി.

കാലിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ച് പൈലറ്റിന് മറ്റു പ്രശ്നങ്ങളിലെന്നാണ് വിവരം. യുദ്ധവിമാനം സൈനിക താവളത്തിൽ ഇടിച്ചിറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിയമനം പതിച്ചതിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടായി.