ദൃശ്യം 2 ക്രൈം ത്രില്ലറല്ല: ആദ്യ ഭാഗത്തിൽ തന്നെ ക്രെെം അവസാനിച്ചുവെന്ന് ജിത്തു ജോസഫ്

മലയാള സിനിമയിൽ വമ്പൻ ഹിറ്റായി മാറിയ ജീത്തുജോസഫ്- മോഹൻലാൻ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാർത്ത സിനിമാ പ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം ആദ്യഭാ​ഗത്തിന്റെ സമാനമായ മറ്റൊരു ക്രൈം ത്രില്ലറാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ് .

ദൃശ്യം ഒന്നാം ഭാഗത്തിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും ദൃശ്യം 2 എന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിന് ആദ്യഭാ​ഗവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന‌ും പൂർണമായും കുടുംബ കഥയായിരിക്കും ദൃശ്യം പറയുകയെന്നും ജിത്തു ജോസഫ് പറയുന്നു. തന്റെ കുടുംബത്തിനു വേണ്ടി കൊലപാതകം മറച്ചുവെക്കുന്ന ജോർജുകുട്ടിയെ ആയിരുന്നു ഒന്നാം ഭാഗത്തിൽ കണ്ടത്. രണ്ടാം ഭാഗം ക്രെെമുമായി ബന്ധപ്പെട്ടതായിരിക്കില്ലെന്നും പൂർണമായും കുടുംബകഥയായിരിക്കുമെന്നും ജീത്തു ജോസഫ് പറയുന്നു.

ഫാമിലി ഡ്രാമയായിരിക്കും രണ്ടാം ഭാഗം. ആദ്യ ഭാഗത്തിൽ തന്നെ ക്രെെം അവസാനിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവതമാണ് രണ്ടാം ഭാഗം പറയുന്നത്. പൂർണ്ണമായും ഒരു കുടുംബചിത്രമായിരിക്കും. ത്രില്ലറിനേക്കാൾ ഉപരിയായി കുടുംബ ബന്ധങ്ങൾക്കും വെെകാരികതയ്ക്കുമാണ് രണ്ടാം ഭാഗത്തിൽ ശ്രദ്ധ കൊടുക്കുന്നത്. അടുത്ത മാസം മുതൽ ദൃശ്യം 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ജീത്തു ജോസഫ് അറിയിച്ചു.

സെപ്തംബർ 14 മുതൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പ്രധാന വേഷങ്ങളിലെത്തുന്ന മോഹൻലാലിനോടും മീനയോടും ക്വാറന്റെെനിൽ പോകാനായി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ചിത്രീകരിക്കുക ഇൻഡോർ രംഗങ്ങളായിരിക്കുമെന്നും ജീത്തു വ്യക്തമാക്കി. ആൾക്കൂട്ടം ചിത്രത്തിൽ വലിയൊരു ഘടകമാണെന്നും ആ രംഗങ്ങൾ ചിത്രീകരിക്കാൻ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലൊരു ചരിത്ര വിജയമായിരുന്നു ദൃശ്യം. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.