ഇടുക്കിയിലെ ദൗത്യസംഘം മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കും, ജില്ലാ കളക്ടറെ വിളിച്ചിട്ട് കാര്യമില്ല, കെ.കെ. ശിവരാമന്‍

ഇടുക്കി. മൂന്നാറിലെത്തിയ ദൗത്യസംഘം എല്ലാ വന്‍കിട കയ്യേറ്റക്കാരെയും ഒഴിപ്പിക്കമെന്ന് സിപിഐ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്‍റെ പ്രസ്താവനക്കെതിരെ ആയിരുന്നു കെ കെ ശിവരാമന്റെ പ്രതികരണം.

ഇത് സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന മുന്നണിയുടെ നയമാണെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. ഒഴിപ്പിക്കരുതെന്ന് പറഞ്ഞ് ജില്ലാ കളക്ടറെ ആരും വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്നും ശിവരാമൻ വ്യക്തമാക്കി.

ഈ നിലപാട് റവന്യൂ മന്ത്രി രാവിലെ പരസ്യമായി പറഞ്ഞതാണ്. റവന്യൂമന്ത്രി പറഞ്ഞതാണ് കളക്ടർ അനുസരിക്കുക. മൂന്നാർ മേഖലയിലെ മുഴുവൻ കയ്യേറ്റവുമൊഴുപ്പിക്കാൻ ദൗത്യസംഘത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുക എന്നത് ഇടതുപക്ഷ നയമാണ്. കയ്യേറ്റക്കാരെ കുടിയേറ്റക്കാരായ ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്നും അഞ്ചരയേക്കർ ഭൂമി കയ്യേറി കൈവശം വെച്ചയാൾ കുടിയേറ്റ കർഷകനാണെന്ന് തോന്നുന്നില്ലെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.

എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടർ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സിവി വര്‍ഗീസിന്‍റെ പ്രതികരണം.