ചില്ലുമേടയിലിരിക്കുന്നവർക്ക് കല്ലെറിയാൻ അവകാശമില്ല, ​ഗാന്ധി കുടുംബത്തിനെതിരെ കെസിആറിന്റെ മകൾ കവിത

ഹൈദരാബാദ്∙ചില്ലുമേടയിലിരിക്കുന്നവർക്ക് കല്ലെറിയാൻ അവകാശമില്ലെന്ന് കെസിആറിന്റെ മകൾ കവിത പറഞ്ഞു. ‘മോത്തിലാൽ നെഹ്‌റു, ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുടെ പേരക്കുട്ടിയും രാജീവ്‍ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ചു സംസാരിക്കുന്നു.

ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഞാൻ കേട്ട ഏറ്റവും വലിയ തമാശയാണ് ഇത്.’– കവിത പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസംഗത്തിലുടനീളം കെസിആറിനെയും കുടുംബത്തെയും കടന്നാക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെസിആറിന്റെ മക്കളുടെ മറുപടി.

തിരഞ്ഞെടുപ്പ് പ്രചാരണമെന്നതിന്റെ പേരിൽ രാഹുൽ തെലങ്കാനയിലെത്തിയത് ഒരു വിനോദ സഞ്ചാരിയെ പോലെയെന്നും കവിത ആരോപിച്ചു. അംഗപുർ ചിക്കൻ രുചിച്ചശേഷം അദ്ദേഹത്തിനു തിരികെ പോകാമെന്നും കവിത പറഞ്ഞു. ‘‘തെലങ്കാനയിൽ നിങ്ങൾക്കു സ്ഥാനമില്ല. രാഹുൽ ഗാന്ധി എന്നതിനു പകരം തിരഞ്ഞെടുപ്പ് ഗാന്ധി എന്ന് താങ്കളെ വിളിക്കാം. തെലങ്കാനയിൽ രാഹുൽ ഗാന്ധി എന്ന പേര് താങ്കൾക്കു ചേരില്ല. നിസാമബാദിൽ വരുമ്പോൾ അംഗപുർ ചിക്കൻ കഴിക്കണം. അത് ഇവിടത്തെ പ്രശസ്തമായ ഭക്ഷണമാണ്. താങ്കളെ ഒരു വിനോദസഞ്ചാരിയെ പോലെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതിനു ശേഷം താങ്കൾക്കു മടങ്ങാം.’’–കവിത കൂട്ടിച്ചേർത്തു.