സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവഴിച്ച കോടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ചിലവാക്കിയ 57 കോടി രൂപയ്ക്കും കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കേസുകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിപിആര്‍ തയ്യാറാക്കുവാന്‍ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി നല്‍കി. ഭൂമി ഏറ്റെടുക്കുവാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിനുമായി 20 കോടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 197 കിലോമീറ്ററില്‍ 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാന്‍ 1.48 കോടി ചെലവായി എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി ഏറ്റെടുക്കുമെന്ന് പറഞ്ഞ സ്ഥലത്തെ ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. ഈ സ്ഥലം ഇനി മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ബാങ്ക് വായ്പ, വിദേശ യാത്ര, വിവാഹം എല്ലാം മുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 11 ജില്ലകളിലായി 250 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ കോടതി കയറി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.