പച്ചക്കറികള്‍ക്ക് പകുതിവരെ വില, കേരളത്തില്‍ ഇത്തരം കടകള്‍ എല്ലാ സ്ഥലത്തും തുടങ്ങണം

തിരുവനന്തപുരം. വലിയ തോതില്‍ പച്ചക്കറി വില കൂടി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പകുതിവരെ വിലയ്ക്ക് പച്ചക്കറികളും പഴങ്ങളും വില്‍ക്കുകയാണ് തിരുവനന്തപുരം കരമനയില്‍. കരമനയിലെ സര്‍ക്കാര്‍ സ്ഥലം ലീസിനെടുത്താണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ പച്ചക്കറി വില്‍പന ആരംഭിച്ചത്. കേരളത്തില്‍ ഇത്തരത്തിലുള്ള കടകള്‍ എല്ലാ സ്ഥലത്തും തുടങ്ങിയാല്‍ അന്ന് തീരുന്നതാണ് വിലക്കയറ്റമെന്ന് ഇവിടെ എത്തിയാല്‍ മനസ്സിലാകും. ഇവിടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പകുതിവരെ വിലക്കുറവാണ്.

തമിഴ്‌നാട്ടില്‍ നിന്നും ബെംഗ്ലൂരുവില്‍ നിന്നും നേരിട്ടാണ് പച്ചക്കറി ഇവര്‍ എത്തിക്കുന്നത്. മികച്ച പച്ചക്കറികള്‍ ഇവിടെ കുറഞ്ഞ വിലയ്ക്കാണ് നല്‍കുന്നത്. ചെറിയ ലാഭം മാത്രമാണ് എടുക്കുന്നതെന്ന് ടിസി വെജിറ്റബിള്‍ ഉടമ പറയുന്നു. കട തുറന്നപ്പോള്‍ തന്നെ നിരവധി പേരാണ് എത്തിയത്. തുടര്‍ന്ന് മൊത്ത വ്യാപാരികള്‍ അടക്കമുള്ളവര്‍ എത്തിയെന്നും അദ്ദേഹം പറയുന്നു.

വ്യാപാരികളെക്കാള്‍ തങ്ങള്‍ ഉദേശിക്കുന്നത് മിതമായ വിലയില്‍ സാധാരണക്കാര്‍ക്ക് ആവശ്യത്തിന് പച്ചക്കറി നല്‍കുക എന്നതാണെന്നും അദ്ദേഹം പറയുന്നു. പച്ചക്കറി വാങ്ങിക്കുവാന്‍ എത്തുന്നവര്‍ പരാതി പറയുവാന്‍ പിടില്ലെന്നും ഇവര്‍ പറയുന്നു. മറ്റ് സ്ഥലങ്ങളിലേക്കാള്‍ വലിയ വിലക്കുറവാണ് ഇവിടെയെന്നും പുറത്ത് 25 രൂപയ്ക്ക് വില്‍ക്കുന്ന ഉള്ളിക്ക് ഇവിടെ 20 രൂപയ്ക്കാണ് നല്‍കുന്നത്.

140 രൂപയ്ക്ക് വാങ്ങുന്ന തക്കാളി ഇവിടെ 100 രൂപയ്ക്കാണ് ലഭിക്കുന്നതെന്ന് പച്ചക്കറി വാങ്ങുവനെത്തിയവര്‍ പറയുന്നു. അതേസമയം സാധാരണ ചാലയില്‍ പോയിട്ടാണ് സാധനം എടുക്കാറുള്ളതെന്നും എന്നാല്‍ ഇവിടെ അതിലും വിലക്കുറവാണെന്ന് മറ്റൊരാള്‍ പറയുന്നു.