പ്രധാനമന്ത്രിയുടെ കണ്ണീര്‍ മുതലക്കണ്ണീരല്ല; ഞാന്‍ സ്വീകരിക്കുന്നുവെന്ന് നടി കങ്കണ

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വിതുമ്പിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ നിരവധി ട്രോളുകളാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടേത് മുതല കണ്ണീരാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇപ്പോഴിതാ പ്രധാനമന്ത്രിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. അദ്ദേഹത്തിന്റെ കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ, എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നാണ് കങ്കണയുടെ ചോദ്യം. പ്രധാനമന്ത്രിയുടെ കണ്ണുനീര്‍ താന്‍ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

”കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങള്‍ അത് സത്യമാണോ എന്നറിയാന്‍ ടിയര്‍ ഡിക്റ്റക്റ്റര്‍ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ മറ്റുള്ളവരുടെ ദുഖത്തെ അംഗീകരിക്കുകയും അതില്‍ വിഷമിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക. മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടെ മതിയാവു. ആ കണ്ണുനീര്‍ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യം? അത് ഇത്ര വലിയ കാര്യമാണോ? ചിലര്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാന്‍ പറയുന്നു. അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു. എന്റെ ദുഖം പങ്കിടാന്‍ ഞാന്‍ അങ്ങയെ അനുവദിച്ചിരിക്കുന്നു. ജയ് ഹിന്ദ്”- കങ്കണ പറഞ്ഞു.