ആലപ്പുഴ സ്വദേശിയില്‍ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കര്‍ണാടക സ്വദേശികള്‍ പോലീസ് പിടിയില്‍

ആലപ്പുഴ. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണിലൂടെ ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് 1.5 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഗോപാലകൃഷ്ണ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ കര്‍ണാടക സ്വദേശികളായ ജഗദീഷ്, ദേവിപ്രസാദ് എന്നിവരാണ് പോലീസ് പിടിയിലായത്. നാപ്‌ടോള്‍ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.

ഗോപാലകൃഷ്ണന്‍ നാപ്‌ടോളില്‍ നിന്ന് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇതിനിടെയാണ് തപാലില്‍ സ്‌ക്രച്ച് കാര്‍ഡ് ലഭിച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇത് പരിശോധിച്ചപ്പോള്‍ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചതായിട്ടായിരുന്നു വിവരം. തുടര്‍ന്ന് കാര്‍ഡില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ നാപ്‌ടോളിന്റെ പിആര്‍ഒയാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.

തുടര്‍ന്ന് സമ്മാന തുക ലഭിക്കണമെങ്കില്‍ 10 ശതമാനം ജിഎസ്ടി അടയ്ക്കണമെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന്റെ പക്കല്‍ നിന്നും 1.5 ലക്ഷം മേടിച്ചു. പിന്നീട് നികുതി കൂടി വേണമെന്ന് പറഞ്ഞ് ഗോപാല കൃഷ്ണനെ സമീപിച്ചതോടെ തട്ടിപ്പ് മനസ്സിലാക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.