മകളെ കയ്യിൽ വച്ചു തന്ന് ആദ്യ ഭാര്യ പോയി, ജീവിതം മാറ്റിയെടുത്ത് രാധ, രാജ്പാൽ യാദവ്

ബോളിവുഡിലെ എക്കാലത്തേയും മികച്ച ഹാസ്യ താരമാണ് രാജ്പാൽ യാദവ്. മലയാള സിനിമകൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തെത്തിയ പ്രിയദർശൻ സിനിമകളിലും രാജപാൽ യാദവ് നിറ സാന്നിധ്യമായിരുന്നു. ഓൺ സ്‌ക്രീനിൽ എന്നും ചിരി പടർത്തിയിരുന്ന രാജ്പാൽ യാദവിന്റെ വ്യക്തിജീവിതം പക്ഷെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കരുണയായിരുന്നു രാജ്പാലിന്റെ ആദ്യ ഭാര്യ.

ആദ്യ ഭാര്യ മരിക്കുമ്പോൾ രാജ്പാലിന് വെറും 20 വയസായിരുന്നു പ്രായം. മകളേയും കയ്യിൽ വച്ച് തന്നാണ് കരുണ പോയത്. ഇപ്പോഴിതാ തന്റെ ആദ്യ ഭാര്യയുടെ വിയോഗത്തെക്കുറിച്ചും രാധയുടെ വരവോടെ ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറക്കുന്നു.

‘പണ്ടൊക്കെ 20 വയസുള്ള, ജോലിയുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ആളുകൾ കല്യാണം നോക്കാൻ പറയും. അങ്ങനെ എന്റെ അച്ഛൻ എന്നെ പിടിച്ച് കല്യാണം കഴിപ്പിച്ചു. എന്റെ ആദ്യ ഭാര്യ മകളേയും തന്ന് പോയി. അടുത്ത ദിവസം ഞാനവളെ കാണാൻ ചെല്ലേണ്ടതാണ്. പക്ഷെ എനിക്കവളുടെ മൃതദേഹം ചുമക്കേണ്ടി വന്നു. എന്റെ അമ്മയും സഹോദരന്റെ ഭാര്യയും നൽകിയ സ്നേഹം കാരണം എന്റെ മകൾക്ക് അമ്മ ഇല്ല എന്നൊരു തോന്നലുണ്ടായിട്ടില്ല. അവൾ ഒരുപാട് സ്നേഹം കിട്ടിയാണ് വളർന്നത്’ രാജ്പാൽ പറയുന്നു.

1991 ലായിരുന്നു രാജ്പാലിന്റെ ആദ്യ ഭാര്യ മരിക്കുന്നത്. താരത്തിന് കടുത്ത ആഘാതമായിരുന്നു ഭാര്യയുടെ മരണം. സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം ഉണ്ടാക്കാൻ പോലും അദ്ദേഹത്തിന് 13 വർഷം വേണ്ടി വന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയ രാജ്പാൽ നിരവധി ടെലിവിഷൻ ഷോകളും സിനിമകളും ചെയ്താണ് സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. 2003ലാണ് അദ്ദേഹം രണ്ടാമതും വിവാഹം കഴിക്കുന്നത്.

‘രാധയെ കാണുമ്പോൾ എനിക്ക് 31 വയസാണ്. ദ ഹീറോയുടെ ചിത്രീകരണത്തിനായി പോയതായിരുന്നു ഞാൻ. 2001 ലാണ്. ഞങ്ങൾ കാണുകയും ബന്ധം നിലനിർത്തുകയും ചെയ്തു. 2003 ൽ വിവാഹം കഴിച്ചു. രണ്ട് കുടുംബവും സമ്മതിച്ചതോടെയാണ് വിവാഹം” രാജ്പാൽ പറയുന്നു.

‘എന്റെ ഗുരുവിനും മാതാപിതാക്കൾക്കും ശേഷം എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് എന്റെ ഭാര്യയാണ്. നൂറ് ശതമാനവും. എന്റെ ആദ്യ ഭാര്യയിലെ മകളെ സ്വന്തം മകളെ പോലെയാണ് അവൾ വളർത്തിയത്. ഇപ്പോൾ ജ്യോതി ലക്ൗനവിലാണുള്ളത്. വിവാഹം കഴിച്ചു. എല്ലാ ക്രെഡിറ്റും രാധയ്ക്കാണ്. ഞാനൊന്നും ചെയ്തില്ല. ഞാൻ ഇടനിലക്കാരൻ മാത്രമായിരുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ വിശ്വസിക്കണം. ഞാനൊരിക്കലും രാധയോട് സാരി ധരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഞാൻ അമ്മയോട് സംസാരിക്കുന്നത് പോലെ തന്നെയാണ് ഭാര്യയോടും സംസാരിക്കുക. അവൾ ഭാഷയൊക്കെ പഠിച്ചു. ഒരു ദിവസം ചെന്നപ്പോൾ അവൾ മുഖമൊക്കെ മറച്ച് ഇരിക്കുകയാണ്. ഗ്രാമത്തിൽ അങ്ങനെയാണ് ഭാര്യമാർ. ഹോളിയിലും ദീപാവലിയിലും ഗ്രാമത്തിൽ ചെല്ലുമ്പോൾ അവൾക്ക് അഞ്ച് ഭാഷയറിയാമെന്ന് ആർക്കും മനസിലാകില്ല. എന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടായിട്ടില്ല’ രാജ്പാൽ പറയുന്നു.