കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ചികിത്സയ്ക്ക് പണമില്ലാതെ സിപിഎം പ്രവർത്തകൻ

തൃശൂർ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ സിപിഎം പ്രവർത്തകൻ ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നു. ബാങ്കിൽ 82 ലക്ഷം രൂപ നിക്ഷേപിച്ച ജോഷി ആന്റണിയ്ക്കാണ് ഈ അവസ്ഥ. മരിച്ച ശേഷം ആരും പാർട്ടി പതാക പുതപ്പിക്കാൻ വീട്ടിലേക്കു വരേണ്ടെന്ന് കാട്ടി തൃശൂർ മാപ്രാണം സ്വദേശിയായ സിപിഎം പ്രവർത്തകൻ ജോഷി ആന്റണി ബാങ്കിന് കത്തെഴുതി.

പക്ഷാഘാതം ബാധിച്ച് ചികിൽസയിലാണ് ജോഷി. കരുവന്നൂർ സഹകരണ ബാങ്കിൽ 82 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ചെവിയിൽ ശസ്ത്രക്രിയ കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയ വേണം. ബാങ്കിനെ സമീപിച്ചപ്പോൾ രണ്ടു ലക്ഷം രൂപ നൽകാമെന്നായി. സ്വന്തം കാശ് ബാങ്കിലുണ്ടായിട്ടും ചികിൽസയ്ക്കു പണമില്ലാതെ വലയേണ്ട നിസഹായവസ്ഥ.

പത്തു ലക്ഷം രൂപ നൽകാമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ചികിൽസയ്ക്കു ഈ തുകയും മതിയാകില്ല. ചികിൽസയ്ക്കായി അവസാനം ഇരുപതു ലക്ഷം രൂപ പലിശയ്ക്കു വായ്പയെടുത്തു. പ്രതിമാസം വലിയ തുക പലിശ നൽകണം. ബാങ്കിലെ നിക്ഷേപ തുക മുഴുവൻ കിട്ടാതെ പ്രതിസന്ധി തീരില്ല. ജോഷിയെ പോലെ ഇനിയും ഏറെ നിക്ഷേപകർ തുക തിരിച്ചുകിട്ടാതെ നെട്ടോട്ടത്തിലാണ്.