അച്ഛന്‍ നിര്‍മ്മിക്കുന്നത് കൊണ്ടാണോ ഈ ചെറിയ സിനിമയില്‍ അഭിനയിച്ചത്, മറുപടി നല്‍കി കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും അന്ന് തമിഴ്, തെലുങ്ക് ഭാഷകളില്‍ കീര്‍ത്തി സജീവമാണ്. ടൊവിനോയുടെ നായികയായി വാശി എന്ന ചിത്രത്തിലൂടെ മടങ്ങി എത്തിയിരിക്കുകയാണ് താരം. നടിയുടെ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ നടിയ്ക്ക് നേരിടേണ്ടി വന്ന ചോദ്യവും അതിന് നല്‍കിയ ഉത്തരവുമാണ്.

പിതാവിന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നായിരുന്നു ചോദ്യം. വളരെ ശാന്തമായി കൃത്യമായ ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുളള നടിയുടെ മറുപടി ഇങ്ങനെ…’ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനം. ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണ്’ കീര്‍ത്തി മറുപടി നല്‍കി.

വിഷ്ണു ജി രാഘവാണ് സിനിമ സംവിധാനം ചെയ്യുന്നത്. വക്കീലായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. ജൂണ്‍ 17 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ ടീസര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വന്നത്.