രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിലും കേരളം ഒന്നാമത്

തിരുവനന്തപുരം : രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്. കേന്ദ്ര സര്‍ക്കാരിന്റെ പീരിയോഡിക് ലേബര്‍ സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് 15 നും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. 2020 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പീരിയോഡിക് ലേബര്‍ ഫോര്‍ സര്‍വ്വേ പ്രകാരം തൊഴിലില്ലാത്തവരുടെ ദേശീയ ശരാശരി 21 ശതമാനമാണ്.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നായിരുന്നു 2021 ജനുവരി 14 ന് കേരള നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്. 2018- 19 കാലഘട്ടത്തിലെ കണക്കാണിത്. 17 ശതമാനമാണ് ദേശീയ ശരാശരി. കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പ് തന്നെ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായിരുന്നുവെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

2019 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ ഇടയില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ 11 ശതമാനം വര്‍ധനവാണ് തൊട്ടടുത്ത പാദ വാര്‍ഷിക കാലത്ത് ഉണ്ടായത്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 35.8 ശതമാനവും നഗരപ്രദേശങ്ങളില്‍ ഇത് 34.6 ശതമാനവുമാണ്.