പ്രണയംമൂത്ത് മുട്ടിയുരുമ്മി ഇരുന്നവര്‍ക്കും നടന്നവര്‍ക്കും കിട്ടി 200 രൂപ പിഴ

കൊച്ചി:കോവിഡ് ഇളവുകള്‍ നല്‍കിയപ്പോള്‍ കാമിതാക്കളും പ്രണയിതാക്കളും മറ്റും ചുറ്റിക്കറങ്ങാനും ഒന്ന് അടുത്ത് കാണാനുമായി പുറത്തിറങ്ങിയിരുന്നു.ഇപ്പോള്‍ ഇത് നിത്യസംഭവമാണ്.കോവിഡൊന്നും അത്ര വിഷയമല്ല.കമിതാക്കള്‍ കൈകോര്‍ത്ത് പിടിച്ച് പ്രണയം പങ്കിട്ട് ചുറ്റി കറങ്ങുന്നതിന്റെ തിരക്കിലാണ്.കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ പോയിട്ടുള്ളവര്‍ക്കറിയാം അവിടം കമിതാക്കളുടെ വിഹാര കേന്ദ്രമാണ്.നിരവധി കമിതാക്കള്‍ ഇണക്കുരുവികളായി സമയം ചിലവഴിക്കുന്നിടമാണ്.എന്നാല്‍ കമിതാക്കളും ആണ്‍പെണ്‍ സുഹൃത്തുക്കളും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.ഇനി മറൈന്‍ ഡ്രൈവിലൂടെ കൈകള്‍ കോര്‍ത്ത് ചേര്‍ന്ന് നടന്നാല്‍ നല്ല പണി കിട്ടും.കാരണം മറ്റൊന്നുമല്ല ഇത്തരത്തില്‍ നടക്കുന്നവരെ പൊക്കാന്‍ പോലീസ് പിന്നാലെയുണ്ട്.പിടിയിലായാല്‍ കേസും കോടതിയും ധന നഷ്ടവുമുണ്ടാകും.മറ്റൊന്നുമല്ല സാമൂഹിക അകലമാണ് കാരണം.

ഇന്നലെ ഉച്ചയോടെ മറൈന്‍ ഡ്രൈവില്‍ എത്തിയ വനിത പോലീസ് വിഭാഗം തങ്ങളുടെ മുന്നില്‍ പെട്ട കമിതാക്കളെ എല്ലാം ഓടിച്ചിട്ട് പെറ്റിയടിച്ചു.എന്നാല്‍ രാജ്യത്ത് ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതും കൈകള്‍ കോര്‍ത്ത് പിടിച്ച് ചേര്‍ന്ന് നടക്കുന്നതും കുറ്റകരമല്ല.ആ പേരില്‍ കേസെടുക്കാനുമാവില്ല.എന്നാല്‍ വനിത പോലീസിന് ഇതൊന്നും അതൊരു വിഷയമല്ല.കോവിഡ് കാലമാണ്, സാമൂിക അകലത്തിന്റെ പേരില്‍ ആരെയും കുടുക്കാം എന്നാണ് പോലീസിന്റെ നിലപാട്.ഈ പേരില്‍ പരമാവധി പേരില്‍ നിന്നും പെറ്റി പിടിക്കാനാണ് പോലീസ് തീരുമാന്.ഒരുമിച്ചിരുന്ന അല്ലെങ്കില്‍ ഒരുമിച്ച് കൈകോര്‍ത്ത് പിടിച്ചു നടന്ന ആണിനും പെണ്ണിനും 200 രൂപ വീതമാണ് പിഴയിട്ടത്.പണം അവിടെ വെച്ച് കൊടുക്കാന്‍ ഇല്ലാതിരുന്നവര്‍ക്ക് ഈ മാസം 21ന് എറണാകുളം സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി സമാധാനം ബോധിപ്പിക്കണം എന്ന് അറിയിച്ച് നോട്ടീസ് നല്‍കി.പലരും പോലീസിനോട് തിരികെ ചോദ്യവും ഉന്നയിച്ചു.തങ്ങള്‍ ചെയ്ത കുറ്റം സദാചാര ലംഘനമാണോ എന്ന് ചോദിച്ചവരോട്,അതല്ല സാമൂഹിക അകലമാണ് കേസിന് ആസ്പദമെന്ന് പോലീസ് പറഞ്ഞു.തര്‍ക്കിക്കാന്‍ നിന്നാല്‍ വീട്ടുകാരും നാട്ടുകാരുമറിഞ്ഞ് കൂടുതല്‍ പ്രശ്‌നമാകുമെന്ന ഭയത്താല്‍ പിടിക്കപ്പെട്ടവര്‍ പിഴയടച്ച് തലയൂരി.