ലോക്ക്ഡൗണില്‍ വില്‍പ്പന മുടങ്ങി, ബാക്കിയായ ലോട്ടറി ടിക്കറ്റില്‍ അലവിക്ക് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

വണ്ടൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ ദുരിതത്തില്‍ ആയത് ലോട്ടറി കച്ചവടക്കാരാണ്. ലോട്ടറി വിതരണം നിലച്ചതോടെ നിത്യ ചിലവിന് പോലും വക കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇതിനിടെ ഒരു ലോട്ടറി വിതരണക്കാരന് ഭാഗ്യ ദേവത കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാക്കിയായ ലോട്ടറി ടിക്കറ്റിലാണ് വില്‍പനക്കാരനെ തേടി ഭാഗ്യം എത്തിയത്.

പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ലോട്ടറി വിതരണക്കാരന്‍ ആയ പള്ളിക്കുന്ന് പാലത്തില്‍ അലവി എന്ന 60 കാരന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 22നായിരുന്നു നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നറുക്കെടുപ്പ് മുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പ് നടന്നത്.

അലവി 110 ടിക്കറ്റുകള്‍ ആയിരുന്നു വില്‍ക്കാനായി വാങ്ങിയത്. ഇതില്‍ 18 ടിക്കറ്റുകള്‍ ബാക്കി വന്നിരുന്നു. ആര്‍ എല്‍ 687704 എന്ന ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. വണ്ടൂരിലെ റോയല്‍ ഏജന്‍സിയില്‍ നിന്നും പോരൂര്‍ കോട്ടക്കുന്നില്‍ ഏജന്റ് ആയ മുഹമ്മദലിവഴി ആണ് അലവി ടിക്കറ്റുകള്‍ വില്‍ക്കാന്‍ വാങ്ങിയത്. ലഭിച്ച സമ്മാന തുക ഉപയോഗിച്ച് വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് അലവിയുടെ ആദ്യ ലക്ഷ്യം. ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബമാണ് അലവിയുടേത്. ടിക്കറ്റ് വണ്ടൂര്‍ സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.