സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന പ്രസ്താവന, നടൻ അലൻസിയറിനെതിരെ കേരള വനിതാ കമ്മിഷന്‍

തിരുവനന്തപുരം.അലൻസിയറുടെ പ്രസ്താവന തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്നതുമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അലൻസിയർ നടത്തിയത്.

ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതു തീര്‍ത്തും അപലപനീയമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

”പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും സ്പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം.പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും”- തിരുവനന്തപുരം നിശാഗന്ധിയിൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സ്വീകരിച്ച് സംസാരിക്കവേ ആയിരുന്നു അലൻസിയറുടെ തീപ്പൊരിപ്രസംഗം. ഇത് കൃതമായ സ്ത്രീവിരുദ്ധതയാണെന്നും, ഇതുപോലുള്ള വഷളത്തരത്തിന് കൈയടിക്കുന്ന സമൂഹം അപമാനകരമാണെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇദ്ദേഹത്തിന് നൽകിയ അവാർഡ് പിൻവലിക്കണമെന്ന് മുറവിളി കൂട്ടുന്ന മറ്റൊരു കൂട്ടത്തേയും കാണാം. എന്നാൽ തല തിന്നുന്ന പോലെ വിമർശനങ്ങൾ ഉയരുമ്പോൾ പോലും താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം.