‘കേരളത്തിലെ പോലിസ് സംവിധാനത്തിന്റെ തോളില്‍ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്’; കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായികെ.കെ. രമ

കോട്ടയത്ത് 19കാരനെ ഗുണ്ടാസംഘം കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവത്തിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എ കെ.കെ. രമ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമയുടെ പ്രതികരണം. എവിടെ നിന്നാണ് ഗുണ്ടകള്‍ക്ക് ഇത്രയും ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നത്. കേരളത്തിലെ പോലിസ് സംവിധാനത്തിന്റെ തോളില്‍ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്. ഗുണ്ടകളെ പിടിക്കാനെന്ന പേരില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ കാവല്‍’ പദ്ധതി വഴി ഗുണ്ടകള്‍ക്ക് പകരം മാധ്യമപ്രവര്‍ത്തകരെയും, പൊതു പ്രവര്‍ത്തകരെയും നിരീക്ഷണ വലയത്തിലാക്കുകയാണ് കേരള പോലീസ് ചെയ്തത്.

മകനെ കോട്ടയത്തെ ഒരു ഗുണ്ട തട്ടിക്കൊണ്ടുപോയെന്ന് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ മാതാവ് പോലീസില്‍ വ്യക്തമായ പരാതി നല്‍കിയിട്ടും അന്വേഷിക്കാമെന്ന സ്ഥിരം പല്ലവിയോടെ പോലീസ് ആ അമ്മയെ മടക്കുകയായിരുന്നു. അടിമുടി ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു സംവിധാനത്തിനു കീഴില്‍ ജനങ്ങള്‍ക്ക് സുരക്ഷയും നീതിയും ലഭിക്കില്ല.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്നും നേരം പുലര്‍ന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു കൊലപാതക വാര്‍ത്തയുമായാണ്. കോട്ടയത്ത് ഒരു 19 കാരനെ ഗുണ്ടാസംഘം ക്രൂരമായി വധിച്ച്, മൃതദേഹം തോളിലേറ്റി പോലിസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുപോയി ഇട്ടത്തിനു ശേഷം, താനൊരാളെ കൊന്നിരിക്കുന്നു എന്ന് പോലീസിനെ നേരിട്ട് അറിയിച്ചിരിക്കുന്നു. എവിടെ നിന്നാണ് ഗുണ്ടകള്‍ക്ക് ഇത്രയും ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നത്. ഇന്നലെ മകനെ കോട്ടയത്തെ ഒരു ഗുണ്ട തട്ടിക്കൊണ്ടുപോയെന്ന് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ മാതാവ് പോലീസില്‍ വ്യക്തമായ പരാതി നല്‍കിയിട്ടും അന്വേഷിക്കാമെന്ന സ്ഥിരം പല്ലവിയോടെ പോലീസ് ആ അമ്മയെ മടക്കുകയായിരുന്നു. കേരളത്തിലെ പോലിസ് സംവിധാനത്തിന്റെ തോളില്‍ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്. ക്രിമിനലുകള്‍ക്ക് താവളമൊരുക്കുന്ന ആഭ്യന്തര വകുപ്പും പോലിസുമുള്ളൊരു നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം കൊലപാതകങ്ങള്‍ ഒരു വാര്‍ത്തയല്ലാതായിമാറിയിരിക്കുകയാണ്. ഗുണ്ടകളെ പിടിക്കാനെന്ന പേരില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ കാവല്‍’ പദ്ധതി വഴി ഗുണ്ടകള്‍ക്ക് പകരം മാധ്യമപ്രവര്‍ത്തകരെയും, പൊതു പ്രവര്‍ത്തകരെയും നിരീക്ഷണ വലയത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു കേരള പോലീസ്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കൊടും ക്രിമിനല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചത് എന്ന് പോലീസ് തന്നെ പറയുന്നു. ഇങ്ങനെയുള്ള ഒരാളെ ഒരാഴ്ച പോലും പോലീസ് നിരീക്ഷണ വലയത്തില്‍ വെക്കാതെ സ്വതന്ത്രനാക്കി വിട്ടതിന്റെ പരിണിത ഫലമാണ് ഈ കൊലപാതകം. ഇവിടെ മറ്റാരെക്കാളും ക്രിമിനലുകള്‍ക്കാണ് സ്വാധീനശക്തി. അടിമുടി ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു സംവിധാനത്തിനു കീഴില്‍ ജനങ്ങള്‍ക്ക് സുരക്ഷയും, നീതിയും എന്നും അകലെതന്നെയാണ്..