തിളച്ച വെള്ളത്തിൽ കൈമുക്കി ഭാര്യയുടെ സ്വഭാവശുദ്ധി തെളിയിക്കാൻ ശ്രമം, ക്രൂരമര്‍ദനങ്ങള്‍, സൈക്കോ റഹിമിനൊപ്പം നദീറ അനുഭവിച്ചിരുന്നത് നരകജീവിതം

കൊല്ലം : നദീറഎന്നാ സഹപ്രവർത്തക തൊട്ടരികിൽ വച്ച് ചുട്ടെരിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് പാരിപ്പള്ളി ജംഗ്ഷനിൽ പരവൂർ റോഡിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർ. നാവായിക്കുളം വെട്ടിയറ എസ്.കെ.വി.എച്ച്.എസ്.എസിനു സമീപം അല്‍അബയാന്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന നദീറ(36)യാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നശേഷം സ്വയം കഴുത്തറത്ത ഭര്‍ത്താവ് റഹീം (50) കിണറ്റില്‍ ചാടുകയായിരുന്നു.

സാമാനതകളില്ലാത്ത ക്രൂരതയാണ് യുവതി ഭർത്താവിൽ നിന്നും അനുഭവിച്ചിരുന്നത്. നബീറ മറ്റുള്ളവരുമായി ഫോണിൽ സംസാരിക്കുന്നത് പോലും റഹീമിന് ഇഷ്ടമല്ലായിരുന്നു. ഇടയ്ക്ക് ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. നബീറ ജോലി കഴി‌ഞ്ഞ് മടങ്ങിവരുമ്പോൾ റഹീം വീട്ടിൽ വെള്ളം തിളപ്പിച്ച് വയ്ക്കും. നിനക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടെങ്കിൽ കൈ പൊള്ളും, അല്ലെങ്കിൽ പൊള്ളില്ലെന്ന് പറഞ്ഞ് നബീറയുടെ കൈ തിളച്ച വെള്ളത്തിൽ പിടിച്ചാഴ്‌ത്തും. നബീറ നിലവിളിക്കുമ്പോൾ അത് പറഞ്ഞ് വഴക്കാവും.

ഇതൊക്കെയായിരുന്നു ഭർത്താവിന്റെ ചെയ്‌തികൾ. ഒട്ടേറെ കേസുകളിലെ പ്രതിയാണ് റഹീം. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ ഓണത്തിന് നദീറയെ ക്രൂരമായി മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് പള്ളിക്കല്‍ പോലീസ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. നാലുദിവസംമുമ്പാണ് ഇയാള്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. നദീറയും കുട്ടികളും താമസിക്കുന്ന വാടകവീട്ടിലെത്തിയെങ്കിലും അവിടെ താമസിക്കുന്നത് തടഞ്ഞു.

പ്രണയിച്ച് വിവാഹം കഴിച്ച് മാസങ്ങള്‍ക്കുള്ളില്‍തന്നെ ക്രൂരമര്‍ദനങ്ങള്‍ സഹിച്ചുതുടങ്ങിയതാണ് നദീറ. മക്കള്‍ക്കുവേണ്ടി എല്ലാം നിശ്ശബ്ദം സഹിക്കുകയായിരുന്നു. വേദനകള്‍ സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍ സഹായംതേടി പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഓഗസ്റ്റ് 13-ന് അതിക്രൂരമായ മര്‍ദനത്തിനു വിധേയയായതിനെത്തുടര്‍ന്നായിരുന്നു ഇത്.

അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായ നദീറ ജോലി കഴിഞ്ഞെത്തിയശേഷം ചോറുവയ്ക്കാന്‍ താമസിച്ചു എന്നതായിരുന്നു മര്‍ദനകാരണം. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ ചൊരിഞ്ഞിട്ടും നദീറ അവഗണിച്ചു. കൈയില്‍ കരുതിയ കമ്പുകൊണ്ട് റഹിം, നദീറയുടെ ഇരുകൈകളിലും അടിച്ചുമുറിവേല്‍പ്പിച്ചു. അടികൊണ്ട് തലപൊട്ടി. നദീറയെയും മക്കളെയും കൊല്ലുമെന്ന് അലറിവിളിച്ചുകൊണ്ട് റഹിം അക്രമം തുടര്‍ന്നു. പേടിച്ച് നദീറ മുറിക്കുള്ളില്‍ കയറിയപ്പോള്‍ ജനല്‍ച്ചില്ല് അടിച്ചുപൊട്ടിച്ചു.

അടിയേറ്റു തളര്‍ന്ന മക്കളെക്കണ്ട് പുറത്തിറങ്ങിയ നദീറയുടെ കാലില്‍ ഓട്ടോയുടെ ജാക്കി ഉപയോഗിച്ച് ആഞ്ഞടിച്ചു. തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടഞ്ഞതുകൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് നദീറ അടുപ്പക്കാരോടു പറഞ്ഞിരുന്നു. ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഉറപ്പായതോടെയാണ് നദീറ പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഈ കേസിലായിരുന്നു റഹീം ഏറ്റവും ഒടുവിൽ അറസ്റ്റിലായത്.