ഇത് തമാശയല്ല, പെണ്ണുകെട്ടാതെ ഈ ബോർഡ് ഞാൻ മാറ്റില്ല- യുവാവ്

വിവാഹം നടക്കാനായി മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്തു. ബ്രോക്കർമാരെ കണ്ടു. പക്ഷേ, വിവാഹം നടന്നില്ല. ഒടുവിൽ തോറ്റു കൊടുക്കാതെ വധുവിനെ തേടി ഫ്ലക്‌സ് ബോർഡ് അടിച്ച്‌ പരസ്യം ചെയ്ത യുവാവിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എട്ട് വർഷമായി വിവാഹാലോചനകൾ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെയാണ് കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യൻ ബോർഡ് സ്ഥാപിച്ചത്.. ഒടുവിൽ വയസ് 36 ആയതോടെ അനീഷ് റോഡരികിൽ ബോർഡ് വെച്ചു.

‘വധുവിനെ തേടുന്നു…ഡിമാൻഡുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട്, സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ വധുവിനെ ആവശ്യമുണ്ട്….’ എന്നാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്. എഴുത്തിനൊപ്പം അനീഷിന്റെ ചിത്രവും ബോർഡിൽ ഉണ്ട്. ബോർഡുകണ്ട് നിരവധിപ്പേർ വിളിക്കുന്നുണ്ടെന്ന് പറയുകയാണ് അനീഷ്. എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം. കല്യാണം കഴിഞ്ഞോ അനീഷേന്ന്. മറുപടി പറഞ്ഞു മടുത്തു. എന്തായാലും ഒന്നുറപ്പിച്ചു: എപ്പോൾ കല്യാണം കഴിയുന്നോ, അപ്പോഴേ ബോർഡു മാറ്റൂ

പ്രായമായ മാതാപിതാക്കളും ഒരു ചേട്ടനും സഹോദരിയുമാണ് അനീഷിനുള്ളത്. കാണക്കാരിയിൽ കുടുംബപരമായി ലഭിച്ച തടിമില്ല് നടത്തുന്ന അനീഷിന്റെ വിവാഹം വിവിധ കാരണങ്ങൾക്കൊണ്ടാണ് നീണ്ടുപോയത്. 35 വയസിലെത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച്‌ ആലോചിച്ചത്. ‘ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയപ്പോഴാണ് മിക്കവർക്കും ആവശ്യം ഗവൺമെന്റ് ജോലിക്കാരെയാണ്. പിന്നെ വിവാഹദല്ലാൾമ്മാരെ ആശ്രയിച്ചെങ്കിലും ഗുണമുണ്ടായില്ല. എനിക്കാവാശ്യം നല്ല ഒരു പെൺകുട്ടിയെയാണ്. പിതൃസ്വത്ത് ആവശ്യമില്ലെന്ന് പറയുമ്ബോൾ ചെറുക്കന് എന്തോ കുഴപ്പമുണ്ടന്നാണ് ആളുകൾ ധരിക്കുന്നത്” അനീഷ് പറയുന്നു. സോഷ്യൽ മീഡിയകളിൽ അനീഷിന്റെ വിവാഹപ്പരസ്യം ഹിറ്റാണ്