കെപിസിസി നേതൃത്വം മുരളീധരനെയും രാഘവനെയും അവഗണിക്കാന്‍ പാടില്ലായിരുന്നു-എഐസിസി

ന്യൂഡല്‍ഹി. എംപിമാരെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ അവഗണിച്ചതില്‍ എഐസിസിക്ക് അതൃപ്തി. എഐസിസിയുടെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. കേരളത്തില്‍ സംസ്ഥാന നേതൃത്വം നിരന്തരം അവഗണിക്കുകയാണെന്ന് എംപിമാരുടെ പരാതിയില്‍ സത്യമുണ്ടെന്ന് എഐസിസി വിലയിരുത്തുന്നു.

മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ വേദിയില്‍ പ്രസംഗിക്കുവാന്‍ അനുവദിക്കാത്തതിലും മലബാറില്‍ നിന്ന് നവോത്ഥാന യാത്ര നടത്തുവാന്‍ എംകെ രാഘവനെ ചുമതലപ്പെടുത്താത്തതിനുമുള്ള അതൃപ്തി വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

2024ല്‍ ലോകസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ എംപിയായ എംകെ രാഘവനെ മാറ്റി നിര്‍ത്തുവാന്‍ പിടില്ലായിരുന്നുവെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. എഐസിസിയുടെ വിമര്‍ശനത്തിന് പിന്നാലെ കെപിസിസിക്കെതിരെ തുറന്നടിച്ച് എംകെ രാഘവനും രംഗത്തെത്തി. അതേസമയം ചൊവ്വാഴ്ച കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. യോഗത്തില്‍ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം ഉണ്ടാകുമെന്നാണ് വിവരം.