പണ്ടു മുതലെ ബിജെപിയുടെ ഭാഗം, മോദി വന്നശേഷം, ചിന്തിക്കാന്‍ കഴിയാത്ത വികസനം രാജ്യത്തു സാധ്യമായി, കൃഷ്ണകുമാര്‍ പറയുന്നു

തിരുവനന്തപുരത്ത് നിന്നും ജനവിധി തേടുകയാണ് നടന്‍ കൃഷ്ണകുമാര്‍. എന്‍ഡിഎയുടെ ശക്തനായ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ആണ് കൃഷ്ണകുമാര്‍. ചില മാധ്യമ സര്‍വേകളില്‍ കൃഷ്ണകുമാറിന് വിജയം പ്രവചിക്കുകയും കൂടി ചെയ്തതോടെ ആവേശത്തിലാണ് അണികളും. കോണ്‍ഗ്രസിനായി സിറ്റിങ് എംഎല്‍എ വി എസ് ശിവകുമാറും എല്‍ഡിഎഫിനായി ആന്റണി രാജുവുമാണ് ഇവിടെ മത്സരിക്കുന്നത്. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ബിജെപി അംഗത്വം സ്വീകരിച്ചതിനെ കുറിച്ചും സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, ബിജെപി അംഗത്വം അടുത്തിടെ എടുത്തെന്നേയുള്ളൂ. ഞാന്‍ പണ്ടു മുതലേ ബിജെപിയുടെ ഭാഗമായിരുന്നു. 1982 ല്‍ ആര്‍എസ്എസില്‍ ചേര്‍ന്നു. പിന്നീട് എബിവിപിയില്‍ പ്രവര്‍ത്തിച്ചു. ഒന്നിലും ഏറെ സജീവമല്ലായിരുന്നു. പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. 2019 ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 4 മണ്ഡലങ്ങളില്‍ പ്രചാരണത്തിനു പോയി. അതുകഴിഞ്ഞപ്പോള്‍ ബിജെപി അംഗത്വം തന്നു. മോദി വന്നശേഷം, ചിന്തിക്കാന്‍ കഴിയാത്ത വികസനം രാജ്യത്തു സാധ്യമായി. അയല്‍രാജ്യങ്ങളെ നാം വരുതിയില്‍ വരുത്തി. കോവിഡ് വാക്‌സീന്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നു വാങ്ങുന്നു. ഇന്ത്യ വേറേ ലെവല്‍ ആയി.

പ്രചരണത്തിനിടെ പെട്രോള്‍ വിലയെക്കുറിച്ച് ആരും എന്നോട് ഒരിടത്തും ചോദിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ജനങ്ങള്‍ക്ക് അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് മുന്നിലുള്ളത്. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. അതിനെ ആദ്യം എതിര്‍ത്തതും കേരളമാണ്. കുടുംബത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരു ജോലിയും കൂലിയും ഇല്ലാത്തവര്‍ ചെയ്യുന്നതല്ലേ. അവര്‍ അതുകൊണ്ട് ജീവിക്കുന്നെങ്കില്‍ ജീവിച്ചുപോട്ടെ.