എയര്‍ഹോസ്റ്റസ് ആകാന്‍ കൊതിച്ച്, ഒടുവില്‍ സിനിമ നടിയായി, ഗോപികയുടെ ജീവിതം

മലയാളികളുടെ പ്രിയപ്പെട്ട നടമാരില്‍ ഒരാളാണ് ഗോപിക. ഗേളി ആന്റോ എന്നാണ് ഗോപികയുടെ യഥാര്‍ത്ഥ പേര്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളത്തിലെ നിറ സാന്നിധ്യമായിരുന്നു നടി. തൃശ്ശൂരിലെ ഒല്ലൂരിലാണ് താരം ജനിച്ചത്. ആന്റോ ഫ്രാന്‍സിസ്-ഡെസ്സി ആന്റോ ആണ് നടിയുടെ മാതാപിതാക്കള്‍. ഗ്ലിനി എന്നൊരു സഹോദരിയുമുണ്ട്. ഒല്ലൂര്‍ സെ. റാഫേല്‍ സ്‌കൂളിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലുമായാണ് താരം വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

കോളേജ് പഠന കാലം മുതല്‍ മോഡലിംഗിനോടും മറ്റും താത്പര്യമായിരുന്നു നടിക്ക്. മിസ്സ് കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട താരം എയര്‍ ഹോസ്റ്റസ് ആവാന്‍ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. പിന്നീട് മലയാള സിനിമയില്‍ എത്തി. പിന്നീട് നിരവധി പുരസ്‌കാരങ്ങളും നടി തന്റെ പേരില്‍ നേടിയിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഗോപിക.

ചെറുപ്പം മുതല്‍ നടി നൃത്തം പഠിച്ചു. സിനിമ നടി ആവുക എന്നൊരു ലക്ഷം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് പലപ്പോഴും ഗോപിക പറഞ്ഞിട്ടുണ്ട്. ഗോപിക അഭിനയിച്ച ചിത്രങ്ങളില്‍ താരം തന്നെയാണ് ശബ്ദം കൊടുക്കുന്നതും. 2008 ജൂലൈ 17ന് ആയിരുന്നു ഗോപികയുടെ വിവാഹം. അയര്‍ലണ്ടില്‍ ജോലി ചെയ്തിരുന്ന അജിലേഷ് ആണ് ഗോപികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഗോപിക അവധി എടുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് ആമി, എയ്ഡന്‍ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. ഇപ്പോള്‍ കുടുംബ സമേതം ഓസ്‌ട്രേലിയയിലാണ് താരത്തിന്റെ താമസം.

പ്രണയമണി തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ഗോപിക അഭിനയ ജീവിതം ആരംഭിക്കുന്നത് പിന്നീട് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലാണ് ഗോപിക അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഗോപിക കയറിക്കൂടി. ചിത്രത്തിലെ ലജ്ജാവതിയേ.. എന്ന ഗാനത്തിലും തമിഴ് നടന്‍ ഭരതിനൊപ്പം ഗോപികയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പാട്ട് ഹിറ്റായതോടെ ഗോപികയും ഹിറ്റായി. 2004ല്‍ ഓട്ടോഗ്രഫ് എന്ന തമിഴ് ചിത്രത്തിലും ഗോപിക അഭിനയിച്ചു. പിന്നീട് ലെത മനസുലു എന്ന തെലുങ്ക് ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു.