കൊച്ചച്ഛനും മോൾക്കും ഒരേ സമയം നിയമനം , ആശ്രിതനിയമനത്തിലും ഷോക്ക് നൽകി KSEB, പുറത്തറിഞ്ഞപ്പോൾ രഹസ്യമായി ഒതുക്കി

സർവ്വീസിലിരിക്കെ മരിച്ച ഒരാളുടെ പേരിൽ രണ്ടുപേർക്ക് ആശ്രിതനിയമനം നൽകി KSEB യുടെ തൊഴിൽ നിർമാർജ്ജനം പുറത്തറിഞ്ഞപ്പോൾ രഹസ്യമായി ഒതുക്കി . നിയമനവുമായി ബന്ധപ്പെട്ട് രേഖകളില്ലെന്നാണ് വൈദ്യുതി വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പൊലീസും കണ്ടെത്തിയത്!

സർവീസിലിരിക്കെ മരണമടഞ്ഞ ചാക്ക വൈദ്യുതി സെക്ഷനിലെ രണ്ടാംഗ്രേഡ് ഓവർസിയർ രാജപ്പന്റെ പേരിലാണ് രണ്ടുപേർക്ക് നിയമനം നൽകിയത്. രാജപ്പന്റെ സഹോദരൻ ശശിധരന് ക്ളറിക്കൽ തസ്തികയിലും പിന്നീട് രാജപ്പന്റെ മകൾ ബിന്ദുവിന് ഓഫീസ് അറ്റൻഡറായുമാണ് നിയമനം. ഇതേക്കുറിച്ച് പരാതി ഉയർന്നതോടെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി.

തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു രേഖയും സൂക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. നിയമന ഉത്തരവിന്റെ പകർപ്പ് മാത്രമാണുള്ളത്. അതിൽ ഇരുവർക്കും ഒരേ ആളുടെ പേരിലാണ് ആശ്രിതനിയനം നൽകിയിട്ടുള്ളതെന്ന് വ്യക്തമാണ്. എന്നാൽ, എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ, ആരൊക്കെയാണ് പിന്നിലെന്നോ കണ്ടെത്താൻ ഓഫീസിൽ രേഖകളില്ല. അതോടെ മെഡിക്കൽ കോളേജ് പൊലീസിൽ ഒരു പരാതി നൽകി പ്രശ്നം അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പേരൂർക്കടയിലെ വിവരാവകാശ പ്രവർത്തകൻ അനിൽകുമാർ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിയിൽ വന്നത്.

ചാക്കയിലെ ഓവർസിയറായിരുന്ന വട്ടിയൂർക്കാവ് സ്വദേശി രാജപ്പൻ 1972ലാണ് മരണമടഞ്ഞത്. 1974ൽ ആശ്രിതനിയമനത്തിന് അപേക്ഷിച്ച സഹോദരൻ ശശിധരൻ ക്ളറിക്കൽ തസ്തികയിൽ സർവ്വീസിൽ കയറി. സീനിയർ സൂപ്രണ്ടായി 2008ൽ വിരമിച്ചു.ശശിധരൻ സർവ്വീസിലിരിക്കെ രാജപ്പന്റെ മകൾ ബിന്ദു 1989ൽ ആശ്രിതനിയമനത്തിലൂടെ ഓഫീസ് അസിസ്റ്റന്റായും നിയമനം നേടി.നിലവിൽ സർവ്വീസിലുണ്ട്.2017ൽ അജ്ഞാതപരാതി ലഭിച്ചതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താൻ കെ.എസ്.ഇ.ബി നിർബന്ധിതമായത്. എന്നാൽ, ഇതു സംബന്ധിച്ച വിവരങ്ങൾ അധികൃതർ രഹസ്യമാക്കി. 2023 ജൂലായിൽ വിവരാവകാശപ്രവർത്തകൻ അനിൽകുമാർ നൽകിയ അപേക്ഷപ്രകാരം ഒക്ടോബർ 28ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്.

ആശ്രിത നിയമനം ദുരുപയോഗം ചെയ്യുന്നതായി നേരത്തെതന്നെ പരാതികളുണ്ട്. അതിനാൽ ഒരുവർഷത്തിനുള്ളിൽ നിയമനം സ്വീകരിക്കുമെങ്കിൽ മാത്രം നിയമനം നൽകിയാൽ മതിയെന്നും അല്ലാത്തവർക്ക് 10ലക്ഷം രൂപയുടെ കൺസോളിഡേറ്റഡ് ആശ്വാസധനം നൽകിയാൽ മതിയെന്നുമുള്ള വ്യവസ്ഥ പരിഗണനയിലുണ്ട്. ആശ്രിതനിയമനം നേടിയവർ മറ്റ് ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ 25% വേതനം പിടിച്ചുവാങ്ങി കൊടുക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.സർവീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന സത്യവാങ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിൽ, സമാശ്വാസ തൊഴിൽ ദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിച്ച ശേഷം വ്യവസ്ഥകൾ തെറ്റിക്കുന്ന ജീവനക്കാർക്കെതിരെ സർക്കാർ നടപടി വരുന്നു. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരിക്ക് അധികാരം നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും.

പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുത്തില്ലെങ്കിൽ പ്രസ്തുത ജീവനക്കരനെതിരെ ആശ്രിത നിയമനാധികാരികൾക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്ത്രം, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയുടെ കാര്യത്തിലാണ് സംരക്ഷണം നിർവചിക്കപെടുന്നത്.ആശ്രിതരുടെ പരാതി പ്രകാരം തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം അടിസ്ഥാന ശമ്പളത്തിൽ നിന്നും 25% പിടിച്ചെടുത്ത് ആശ്രിതരുടെ അക്കൗണ്ടുകളിൽ നിഷേപിക്കാനാണ് തീരുമാനം.തഹസിൽമാരുടെ അന്വഷണത്തിൽ പരാതിയുള്ളവർക്ക് മൂന്നു മാസത്തിനകം ജില്ലാ കലക്ടർക്ക് പരാതി സമർപ്പിക്കാം. പരാതിയിൽ ജില്ലാ കലക്‌ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ആശ്രിതർക്ക് കുടുംബ പെൻഷൻ ആനുകൂല്യങ്ങളുണ്ടെങ്കിൽ മേൽപ്പറഞ്ഞ സംരക്ഷണങ്ങൾക്ക് അർഹതയുണ്ടാവില്ല. അതേസമയം, സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ കൈപ്പറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ‌ ജോലി ലഭിച്ച ജീവനക്കാർക്ക് ബാധ്യസ്ഥതയുണ്ട്.