പെണ്ണ് കെട്ടാത്തവര്‍ ഇനി വിഷമിക്കണ്ട, കുടുംബശ്രീ ഇനി കല്യാണവും നടത്തും.

പെണ്ണ് കെട്ടാത്തവര്‍ ഇനി വിഷമിക്കണ്ട, കുടുംബശ്രീ ഇനി കല്യാണവും നടത്തും. ആലപ്പുഴ ജില്ലയിലെ കുമാരപുരത്താണ് കുടുംബശ്രി മാട്രിമോണി ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ പുതുതായി ആരംഭിച്ച മാട്രിമോണിയലിലെ ആദ്യ രജിസ്‌ട്രേഷന്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ നടത്തി. ചേരുന്ന രണ്ട് പ്രൊഫൈലുകളും ഉടന്‍ തന്നെ കണ്ടെത്തി. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ ആദ്യമായാണ് ഒരു മാട്രിമോണിയലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.

‘ജാതിരഹിതം, സ്ത്രീധന രഹിതം, ആചാര രഹിതം, ലളിത വിവാഹം’ വിവാഹത്തെ കുറിച്ചുള്ള സുരേഷിന്റെ ആശയം സിംപിളാണ്, ഇതിന് പറ്റിയ പെണ്‍കുട്ടിയെ ആണ് ജീവിത പങ്കാളിയായി ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു. കുടുംബശ്രീ മാട്രിമോണിയലില്‍ കണ്ടെത്തിയ രണ്ട് പ്രൊഫൈലുകളെ പറ്റി പ്രസിഡന്റ് പറയുന്നതിങ്ങനെ, ‘ ചേരുമെന്ന് കണ്ടെത്തിയ പ്രൊഫൈലുകള്‍ പരിശോധിക്കാന്‍ പറ്റിയിട്ടില്ല. ഓഫീസിലെ തിരക്കുകള്‍ തന്നെ കാരണം’.

കുടുംബശ്രീയുടെ പുതിയ സംരഭത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ തന്നെ ആദ്യ രജിസ്‌ട്രേഷന്‍ നടത്താമെന്ന് പ്രസിഡന്റ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ തന്നെ രജിസ്‌ട്രേഷനും. മാട്രിമോണിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലാണ് നിര്‍വ്വഹിച്ചത്.

പ്രാദേശിക വിഭവങ്ങളെ ഉത്പന്നങ്ങലാക്കി മാറ്റി ഉപഭോക്താവിന് നേരിട്ട് ലഭ്യമാകുന്ന ഹോംഷോപ്പിന്റേയും ആതുര സേവന രംഗത്തെ സംരംഭമായ ജെറിയാട്രിക് കെയറിന്റേയും ഉദ്ഘാടനം അതേ ചടങ്ങില്‍ വച്ച്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, എഡിഎം സി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു