ഭർതൃവീട്ടിൽ യുവതി തീകൊളുത്തി മരിച്ചു, രണ്ട് മക്കള്‍ക്കും പൊള്ളലേറ്റ നിലയില്‍

പാലക്കാട്: വല്ലപ്പുഴയില്‍ യുവതിയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.രണ്ട് മക്കൾക്ക് പൊള്ളലേറ്റ നിലയിൽ. ചെറുകോട് സ്വദേശി ബീനയാണ്(30) മരിച്ചത്. നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു സംഭവം.  ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പൊള്ളലേൽക്കുകയായിരുന്നു. മൂന്നു പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബീനയുടെ ജീവൻ രക്ഷിക്കാനായില്ല.

മകൾ നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരുക്ക് ഗുരുതരമല്ല.ബീനയുടെയും പ്രദീപിന്റെയും പ്രണയവിവാഹമായിരുന്നു. പ്രദീപിന്റെ അച്ഛൻ രാമനും അമ്മ ചന്ദ്രമതിയും അനിയൻ പ്രജിത്തും ഭാര്യ സ്നേഹയും ഈ വീട്ടിൽ തന്നെയാണ് താമസം. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായുള്ള ഫോണിലൂടെയുള്ള തർക്കത്തെ തുടർന്നാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് വിവരം.