വ്യാജ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസ്, തരൂരിനെതിരെ നിയമ നടപടികൾ കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർത്ഥി വക്കീൽ നോട്ടീസ് അയച്ചത്. വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന, ഒരു അഭിമുഖത്തിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനയാണ് പരാതിക്ക് അടിസ്ഥാനം. ഈ പ്രസ്താവന പിൻവലിക്കണമെന്നാണ് ആവശ്യം.

തരൂരിന്റെ ആരോപണങ്ങൾക്ക് പിന്നാലെ രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖർ നിയമ നടപടികൾ കടുപ്പിച്ചത്.

നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുളളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ‘വ്യാജ പ്രസ്താവന നടത്തരുത്. പ്രസ്താവനയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം. അല്ലാത്ത പക്ഷം അപമാനിക്കാനുളള ശ്രമമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും എൻഡിഎ സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടുന്നു.വ്യജ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നിപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലുണ്ടായിരുന്നത്.