സിപിഎം കൊടിപിടിക്കാത്തവരെ എസ് സി പ്രമോട്ടർമാരായി ശുപാർശ ചെയ്യേണ്ട, നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം എസ് ടി പ്രോമോട്ടർ ജോലി പാർട്ടികാർക്ക് നൽകിയാൽ മതിയെന്ന ആദിവാസി ക്ഷേമ സമിതി നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. സിപിഎം കൊടിപിടിക്കാത്തവരെ എസ് സി പ്രമോട്ടർമാരായി ശുപാർശ ചെയ്യേണ്ടെന്നാണ് നേതാവ് നിർദേശിക്കുന്നത്. സി പി എമ്മിന്റെ പോഷക സംഘടനായ ആദിവാസി ക്ഷേമ സമിതിയുടെ ജില്ലാ നേതാവ് ഷിജുമോന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.

എസ് ടി പ്രമോട്ടറെ തെരഞ്ഞെടുക്കാനുള്ള ഉത്തരവ് വന്നതിനുശേഷം നേതാവ് പാർട്ടി പ്രവർത്തകരെ ക്ഷണിച്ചുകൊണ്ട് വിവിധ ഗ്രൂപ്പുകളിൽ ശബ്ദ സന്ദേശം അയച്ചിരിക്കുകയാണ്. വിജ്ഞാപനം വന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും എസ് സി പ്രമോട്ടർ ആവാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ നേതാക്കന്മാരെ വിളിക്കുന്നുണ്ടെന്നും, പാർട്ടിക്ക് കൊടിപിടിച്ചവരെ മാത്രം പ്രമോട്ടറായി തെരഞ്ഞെടുത്താൽ മതിയെന്നും ശബ്ദ സന്ദേശത്തിൽ നേതാവ് പറയുകയാണ്.

പട്ടിക വർഗ്ഗ വകുപ്പിന് കീഴിലെ വിവിധ ജില്ലകളിലായി 1185 പ്രമോട്ടർമാരെയാണ് സർക്കാർ ഒരു വർഷത്തെ താൽക്കാലിക ജോലികൾക്കായി അപേക്ഷ ക്ഷണിച്ചിരുന്നത്. ഈ ഒഴുവകളാണ് അർഹതപ്പെട്ടവർക്ക് നൽകാതെ സി പി എം പാർട്ടിക്കാരെ തിരുകികയറ്റാൻ ശ്രമിക്കുന്നത്.