സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച എസ്എച്ച്ഒയെ സ്ഥലം മാറ്റി

കൊച്ചി. സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച കേസിലെ പ്രതിയായ കടവന്ത്ര പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലംമാറ്റി. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ സിഐ മനുരാജിനെയാണ് കാസര്‍കോട് ചന്ദേര സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിമല്‍ തോപ്പുംപടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല.

ഇതോടെ പോലീസ് എസ്എച്ച്ഒയെ സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. സംഭവം പുറത്തുവന്നതോടെ തോപ്പുംപടി എസ്എച്ച്ഒ വിമലിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. രാത്രിയോട് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് മനുരാജിനെ സ്ഥലം മാറ്റിയത്. സംഭവത്തില്‍ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം ഉണ്ടായോ എന്നും പരിശോധിക്കും. അപകടം ഉണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലാണ്.

വിമല്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിമലിനെ ഹാര്‍ബര്‍ പാലത്തില്‍വെച്ച് കാര്‍ ഇടിക്കികയായിരുന്നു. തുടര്‍ന്ന് തിരിഞ്ഞ് പോലും നോക്കാതെ ഇയാളും വനിതാ സുഹൃത്തും കടന്ന് കളയുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ മാറിയാണ് കാര്‍ പിന്നീട് നിര്‍ത്തിയത്.