രാജ്യം കട്ടുമുടിക്കാനുള്ള കോൺഗ്രസിന്റെ ലൈസൻസ് ഞാൻ റദ്ദാക്കി, ആ ദേഷ്യം എന്നോട് കാണും , പ്രധാനമന്ത്രി

റായ്പുര്‍: കോണ്‍ഗ്രസിന്റെ ഭരണത്തിനുകീഴില്‍ അഴിമതി ഇന്ത്യയുടെ മുഖമുദ്രയായിമാറി. രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് കരുതിയത് രാജ്യം കൊള്ളയടിക്കാനുള്ള ലൈസന്‍സ് തങ്ങള്‍ക്കുണ്ടെന്നാണ്. പക്ഷേ, 2014-ല്‍ തങ്ങൾ അധികാരത്തിലെത്തിയതോടെ രാജ്യം ‘കട്ടുമുടിക്കാനുള്ള കോൺഗ്രസിന്റെ ലൈസൻസ്’ ഞാൻ റദ്ദാക്കി ആ ദേഷ്യം എന്നോട് കാണും എന്നാൽ ഭാരതീയർ എനിക്ക് രക്ഷാകവചമൊരുക്കുമെന്നും പ്രധാനമന്ത്രി. ഛത്തീസ്ഗഡിലെ ബസ്തറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ്​ഗഡിന് വനവാസി സമൂഹത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയെ നൽകിയത് ബിജെപിയാണ്. വനവാസികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയവും, ബജറ്റിൽ പ്രത്യേക ഫണ്ടും നൽകാൻ തുടങ്ങിയത് ബിജെപി അധികാരത്തിലെത്തിയപ്പോഴാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വനവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി അഞ്ച് മടങ്ങ് കൂടുതൽ തുകയാണ് ബജറ്റിൽ വകയിരുത്തിയതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും രോഷാകുലരാണെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിശ്വാസങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നിലനിൽക്കേയായിരുന്നു മോദിയുടെ പരാമർശം. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണം കോണ്‍ഗ്രസിന്റെ ‘രാജകുടുംബം’ നിരസിച്ചു. ഈ തീരുമാനം തെറ്റാണെന്ന് പറഞ്ഞ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. പ്രീണനത്തിനായി ഏത് അതിരും ഭേദിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് ഇത് കാണിക്കുന്നത്’, മോദി തുടര്‍ന്നു.