രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുമില്ല പരിചയവുമില്ല,പക്ഷെ ആള് സൂപ്പർ മല്ലികാ സുകുമാരന്‍

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേറിനെയും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെയും വാനോളം പുകഴ്‌ത്തി നടി മല്ലിക സുകുമാരന്റെ വാക്കുകൾ ശ്രദ്ദേയമാകുന്നു.ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിൽ മല്ലികാ സുകുമാരന്‍ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഏറ്റവും വലിയ പ്രത്യേകത പാർട്ടിയെ വളർത്താൻ ഒരിക്കലും ദൃശ്യമാദ്ധ്യമങ്ങൾ ഉപയോ​ഗിക്കാത്തതാണെന്ന് മല്ലികാ സുകുമാരൻ പറഞ്ഞു.

നിർമ്മലാ സീതാരാമൻ നന്നായി സംസാരിക്കുന്ന മന്ത്രിയാണെന്നും ഇതുപോലുള്ള മന്ത്രിമാരൊന്നും മുമ്പില്ലായിരുന്നു എന്നും മല്ലിക സുകുമാരൻ പറഞ്ഞു. കോൺ​ഗ്രസ് പാർട്ടിയിലും കമ്യൂണിസ്റ്റ് പാർട്ടിയിലും സ്ത്രീകൾ കുറവാണെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി. ഒരു വാർത്താ ചാനലിന്റെ പ്രത്യേക അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ അഭിപ്രായങ്ങൾ തുറന്നു പറയുന്നത്. ‘ഇന്ന് വരെ രാജീവ് ചന്ദ്രശേഖർ എന്റെ പാർട്ടി മാദ്ധ്യമങ്ങളിലൂടെ വളരട്ടെ എന്നു പറഞ്ഞിട്ടുണ്ടോ? അതാണ് എല്ലാവരും പഠിക്കേണ്ടത്. പാർട്ടിയെ വളർത്താനല്ല ദൃശ്യമാദ്ധ്യമങ്ങളെ ഉപയോ​ഗിക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രത്യേകത അതാണ്. ഞാൻ ഇന്ന് വരെ അദ്ദേഹത്തെ കണ്ടിട്ടുമില്ല, പരിചയവുമില്ല.

അതുപോലെ, നന്നായി സംസാരിക്കുന്ന വനിതാ മന്ത്രിമാരും ഇപ്പോഴാണുള്ളത്. അതിന് ഏറ്റവും നല്ല ഉദാഹരണം നിർമ്മലാ സീതാരാമനാണ്. നന്നായി സംസാരിക്കും. അവരുടെ ഭർത്താവ് എവിടെ എന്നൊക്കെ അന്വേഷിക്കലാണ് കേരളത്തിലുള്ളവരുടെ ജോലി.

കോൺ​ഗ്രസ് പാർട്ടിയിൽ സ്ത്രീകൾ കുറവാണ്. ആകെ വിളിക്കുന്നത് രഘുപതി രാഘവ രാജാറാം പാടാൻ വേണ്ടി മാത്രമാണ്. കമ്യൂണിസ്റ്റ് പാർട്ടി ആണെങ്കിൽ പാർട്ടി മീറ്റിം​ഗിന് വിളിക്കും. അല്ലാതെ, ഒരാൾ മിടുക്കി ആണെന്ന് കരുതി സ്ഥാനത്ത് ഇരുത്തില്ല. ഇനി, ഇരുത്തിയാൽ.. സൂക്ഷിക്കണം സാറിനെ ഓവർ ടേക്ക് ചെയ്ത് മുന്നിലെത്തുമെന്ന്. നമ്മൾ അത് കണ്ടതുമാണ്. ഇതൊക്കെയാണ് രാഷ്‌ട്രീയ രം​ഗത്ത് നിൽക്കുന്നവരുടെ സാമാന്യ മനോനില.’- മല്ലിക സുകുമാരൻ പറഞ്ഞു.

അതേസമയമ,തിരുവനന്തപുരം സീറ്റ് തനിക്ക് ലഭിച്ചത് പ്രധാമന്ത്രിയുടെ താല്പര്യപ്രകാരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. അഖിലഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃശക്തിയും സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞെങ്കിലും സീറ്റ് കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷേ തിരുവനന്തപുരം സീറ്റ് തന്നെ നല്‍കിയത് പ്രധാനമന്ത്രിയുടെ താല്‍പര്യപ്രകാരമാണ്. തിരുവനന്തപുരത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും കടം വാങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കേണല്‍ സുധാകരന്‍നായര്‍ അധ്യക്ഷത വഹിച്ചു. എയര്‍ മാര്‍ഷല്‍ റിട്ട. മധുസൂദനന്‍, മേജര്‍ ജനറല്‍ റിട്ട. എന്‍.എസ്. നായര്‍, ക്യാപ്റ്റന്‍ ഗോപകുമാര്‍, സൈന്യ മാതൃശക്തി ജില്ലാ രക്ഷാധികാരി മായ ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് ഷീല എസ്., ആര്‍എസ്എസ് കാര്യകാരി സദസ്യന്‍ ആര്‍.എസ്. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.