എം ശിവശങ്കറിന് തിരിച്ചടി, എന്തുകൊണ്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്ക് തയ്യാറാകുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ലൈഫ് മിഷൻ കോഴ കേസിൽ തടവിൽ കഴിയുന്ന എം ശിവശങ്കർ എന്തുകൊണ്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്ക് തയ്യാറാകുന്നില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. അടിയന്തിര ചികിത്സയ്‌ക്ക് വിധേയനാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് പരിഗണിക്കവെയാണ് കോടതി ശിവശങ്കറിനെ രൂക്ഷമായി വിമർശിച്ചത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനാകാൻ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ ഇഡിയ്‌ക്ക് വേണ്ടി ഹാജരായ സോളിസിസ്റ്റർ ജനറൽ തുഷാർ നേത്ത എതിർത്തു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ശിവശങ്കറിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സ ലഭ്യമാണെന്ന് ഇഡി അറിയിച്ചു.

തങ്ങൾ ഉദ്ദേശിക്കുന്ന ചികിത്സ സ്വകാര്യ ആശുപത്രിയിൽ മാത്രമാണ് ലഭ്യമാകൂയെന്നാണ് ശിവശങ്കർ കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കോടതി വിമർശനം നടത്തിയത്. ശിവശങ്കറിന്റെ ആവശ്യത്തിൽ മറുപടി സത്യവാങ്മൂലം നൽകുന്നതിനായി കൂടുതൽ സമയം വേണമെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതിയും, ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഹർജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.