ചുവന്ന ലിപ്സ്റ്റിക് ഇടുന്നത് മോശം സ്ത്രീകളാണോ, ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ ബന്ധുക്കൾ കളിയാക്കി , മകന്റെ മറുപടി വൈറലാകുന്നു

ചുവന്ന ലിപ്സ്റ്റിക് ധരിച്ചതിന്റെ പേരിൽ കുടുംബങ്ങളുടെ രൂക്ഷവിമർശനത്തിനിരയായ ഒരു സ്ത്രീക്ക് പിന്തുണയുമായെത്തിയ മകന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബസദസ്സിൽ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ് പോയ തന്റെ അമ്മയെ അധിക്ഷേപിച്ചവർക്ക് ചുട്ടമറുപടി നൽകുകയാണ് കൊൽക്കത്ത സ്വദേശിയായ പുഷ്പക് സെൻ. ‘മോശം’ സ്ത്രീകളാണ് ഈ നിറം ചുണ്ടിൽ ഉപയോഗിക്കുന്നത് എന്നാണ് സമൂഹം നൽകിയിരിക്കുന്ന നിർവചനം. അതുകൊണ്ട് തന്നെ പലരും ചുവപ്പിന്റെ തന്നെ പല വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതിന്റെ പേരിൽ പല സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തുറന്ന് പറയുകയാണ് പുഷ്പക് സെൻ.

ചുവന്ന ലിപ്സ്റ്റിക് പൂശിയ ചിത്രംപങ്കുവച്ചുകൊണ്ടാണ് പുഷ്പക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുന്നത്. ഈ അനുഭവം പുഷപക് ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. ഒരു കുടുംബയോഗത്തിൽ പങ്കുടെക്കവെ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ അമ്മയെ അടുത്ത ബന്ധുക്കൾ ചേർന്ന് അപമാനിച്ചു. അതുകൊണ്ട് ഇന്നലെ അവർക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാൻ അയച്ചു കൊടുത്തു. ശുഭദിനം എന്ന സന്ദേശവും എന്ന് പുഷ്പക് പറയുന്നു. ഇതാ താടിയും മീശയുമുള്ള പുരുഷനായ ഞാൻ ചുവന്ന ലിപ്സ്റ്റിക് ധരിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാർക്കും, സഹോദരിമാർക്കും, പെൺമക്കൾക്കും, പുരുഷന്മാരല്ലാത്ത എല്ലാവർക്കും വേണ്ടി ഞാനിന്ന് ശബ്ദമുയർത്തുകയാണെന്നും യുവാവ് ഫേസ്ബുക്കിൽ കുറിക്കുന്നു.

നിങ്ങൾ സ്നേഹിക്കുന്ന സ്ത്രീകൾ അധിക്ഷേപിക്കപ്പെടുമ്പോൾ തനിക്ക് ചുറ്റുമുള്ള സഹോദരങ്ങളോട് അവരറിയുന്ന സ്ത്രീകൾക്കു വേണ്ടി നിലകൊള്ളാൻ ആവശ്യപ്പെടുകയാണ് താനെന്നും അവനവനാൽ കഴിയുന്ന വിധത്തിൽ അതു പ്രകടിപ്പിക്കാനും പുഷ്പക് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പുഷ്പകിന്റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.