വ്യാജ ബിരുദ പരാതി: ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ വ്യാജ ബിരുദം കാണിച്ചുവെന്ന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി. നിലവില്‍ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ വിജിലന്‍സിനയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. ബിരുദം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ ലോകായുക്ത നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും പറഞ്ഞു.

ഡോക്ടറേറ്റ് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാര്‍ത്തകള്‍ ഉണ്ടായെന്നും ഷാഹിദാ കമാല്‍ മുമ്ബ് കുറ്റപ്പെടുത്തിയിരുന്നു. വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ലെങ്കിലും 10 വര്‍ഷം മുമ്ബ് നടന്ന കാര്യം വിവാദമാക്കി. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലോകായുക്ത പരിശോധിച്ചു പ്രശ്നമില്ലെന്ന് ബോധ്യപ്പെട്ടതാണ്- ഷാഹിദാ കമാല്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തയിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു.

യുഡിഎഫില്‍ നിന്ന് സി.പി.എമ്മിലേക്ക് എത്തിയ മുസ്ലിംകളെ തെരഞ്ഞുപിടിച്ച്‌ അക്രമിക്കുകയാണ് നയമെന്നും ചില അജണ്ടകള്‍ രൂപപ്പെടുന്നുണ്ട് എന്ന് ഒരു വര്‍ഷം മുന്‍പ് സൂചന ലഭിച്ചുവെന്നും ഷാഹിദ കമാല്‍ പറഞ്ഞു. ആ പട്ടികയില്‍ മൂന്നാമത്തെയാല്‍ താനാണ് എന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. തന്റെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത് അണ്ണാമലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണെന്നും പിഎച്ച്‌ഡി ലഭിച്ചത് കസക്കിസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണെന്നും അവര്‍ അറിയിച്ചിരുന്നു.